മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങൾ അറിയിക്കണം, അത് ഭരണഘടനാപരമായ ഉത്തരവാദിത്തം: ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടു കാര്യങ്ങൾ അറിയിക്കണമെന്നും അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രി രാജ്ഭവനിലേക്കു വരുന്നില്ലെന്നാണു ഗവർണർ പറയുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിൽ വന്നിട്ടു കാര്യമില്ല. ഞാൻ ഉന്നയിച്ച ഒരു ചോദ്യങ്ങൾക്കും മറുപടി കിട്ടിയിട്ടില്ല. കരുവന്നൂര്‍ തട്ടിപ്പു സംബന്ധിച്ചു പരാതി കിട്ടിയാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്തതിൽ ദിവസങ്ങൾക്കു മുമ്പാണു ഗവർണർക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉയർത്തിയത്.

നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനന്തമായി പിടിച്ചുവച്ചിരിക്കുന്നതു പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കാത്ത കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എട്ടു ബില്ലുകളിൽ ഗവർണർ ഒപ്പിടാനുണ്ട്. മൂന്ന് ബില്ലുകൾ പാസാക്കിയിട്ട് ഒരു വർഷവും 10 മാസവുമായി. മൂന്നെണ്ണം യൂണിവേഴ്സിറ്റി ബില്ലാണ്. ഗവർണർ സർവകലാശാല ബില്ലിൽ ഒപ്പുവയ്ക്കാത്തതിനാൽ വിവിധ സർവകലാശാലകളിലെ വിസി നിയമനം സ്തംഭനാവസ്ഥയിലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും ലോകായുക്ത ബില്ലും അടക്കം ഒപ്പിടാനുണ്ട്. ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിയമനടപടി സ്വീകരിക്കുന്നതിനു മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Advertisement