ഇങ്ങനെയൊക്കെ പോയാ മതിയോ, സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതല്‍

തിരുവനന്തപുരം. ഭരണത്തില്‍ വളരെ അച്ചടക്കത്തോടെ പോകുമ്പോഴും ഭരണത്തിലെ രണ്ടാമനായ സിപിഐക്ക് ആശങ്കകളും പ്രശ്നങ്ങളും ഏറെ. ഇങ്ങനെയൊക്കെ പോയാല്‍ മതിയോ എന്ന് ഒരു വിഭാഗം ചോദിക്കുമ്പോള്‍ ഇങ്ങനെയെങ്കിലും പോയാല്‍ മതിയെന്ന് ചിന്തിച്ചാണ് മറുവിഭാഗം നില്‍ക്കുന്നത്.

നയ വ്യതിചലനം വരുമ്പോള്‍ സിപിഎമ്മിനെ കണക്കിന് കൊട്ടിയിരുന്ന ഉശിരന്‍ നേതാക്കളുടെ കാലം അസ്തമിച്ചു. സിപിഐയെക്കൊണ്ട് സിപിഎമ്മിന് ഉള്ളഭീഷണി കുട്ടനാട്ടില്‍ ആളെ പിടിച്ചപോലെ ചെറിയ കാര്യങ്ങള്‍ മാത്രം. സംസ്ഥാനതലത്തില്‍ സിപിഎമ്മിന് ഈ ആളെപ്പിടിക്കല്‍ ഒരു ചൊറിച്ചില്‍ പോലുമാകില്ല. എന്നാല്‍ സിപിഎം ഭയക്കുന്ന മറ്റു ചില കാര്യങ്ങളുണ്ട്, അതിലൊന്നും സിപിഐയില്‍ നിന്നും ചോദ്യമുണ്ടാകില്ലെന്ന ഉറപ്പ് അവര്‍ക്കുണ്ട് താനും.

നയപരിപാടികള്‍ ആലോചിക്കാന്‍ സി .പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും.ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടർന്ന് രണ്ട് ദിവസങ്ങളിൽ സംസ്ഥാന കൌൺസിലുമാണ് ചേരുന്നത്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും മണ്ഡല പര്യടനവും ലോക്സഭാ തിരഞ്ഞെടുപ്പിൻെറ തയാറെടുപ്പുകളുമാണ് യോഗങ്ങളിലെ പ്രധാന അജണ്ട.രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് ദേശീയ നേതൃയോഗത്തിൽ ഉയർന്നു വന്ന വിഷയം സംസ്ഥാന നേതൃയോഗങ്ങളിലും ചർച്ച ആയേക്കും.സർക്കാരിൻെറ പ്രവർത്തനം ചർച്ചയായാൽ വിമർശനത്തിന്
സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി വിവാദം അടക്കം സംസ്ഥാന നേതൃത്വങ്ങളിൽ ചർച്ചയാകും. എന്നാലത് എംഎന്‍ സ്മാരകത്തിന്‍റെ നാലതിരു വിടില്ലെന്ന് ഉറപ്പാണ്. ഭൂപതിവ് നിയമഭേദഗതിയുടെ ചട്ടം രൂപീകരണവും എക്സിക്യൂട്ടിവിൽ ചർച്ചയായേക്കും.

Advertisement