‘അനിൽ ബിജെപിയിൽ ചേർന്നത് ആന്റണിക്ക് ഷോക്കായി, സൗമ്യതയോടെ അവസ്ഥയെ തരണം ചെയ്തു’

തിരുവനന്തപുരം: അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെക്കുറിച്ചു വിവരിച്ച് അമ്മ എലിസബത്ത് ആന്റണി. കൃപാസനം യുട്യൂബ് ചാനലിലാണ്‌, മകൻ ബിജെപിയിൽ ചേർന്നതിനെക്കുറിച്ചും ആ അവസ്ഥയെ എ.കെ.ആന്റണി തരണം ചെയ്തതിനെക്കുറിച്ചും എലിസബത്ത് തുറന്നുപറഞ്ഞത്.

‘‘അനിൽ ബിജെപിയിൽ ചേർന്ന കാര്യം അറിഞ്ഞത് എ.കെ. ആന്റണിക്ക് വലിയ ഷോക്കായിരുന്നു. എങ്കിലും വളരെ സൗമ്യതയോടെ തന്നെ ആ അവസ്ഥയെ അദ്ദേഹം തരണം ചെയ്തു. ബിജെപിയിൽ ചേർന്ന ശേഷം മകൻ വീട്ടിലേക്കു വരുമ്പോൾ പൊട്ടിത്തെറിയുണ്ടാവുമോയെന്ന് ഭയന്നിരുന്നു. എന്നാൽ മകൻ വീട്ടിൽ വന്നപ്പോൾ എല്ലാം സൗമ്യമായി തന്നെ കഴിഞ്ഞു. വീട്ടിൽ വരുന്നതിനോടു തനിക്ക് എതിർപ്പില്ലെന്നും പക്ഷേ വീട്ടിൽ രാഷ്ട്രീയം സംസാരിക്കരുതന്നും ആന്റണി മകനോട് പറഞ്ഞു. ബിജെപിയിൽ ചേർന്നതിനു ശേഷം അനിൽ രണ്ടുതവണ വീട്ടിലെത്തി. വീട്ടിൽ ആർക്കും അനിലിനോട് വിരോധമില്ല, ആരും അനിലിനെ ഒറ്റപ്പെടുത്തിയിട്ടില്ല’’–എലിസബത്ത് വിവരിച്ചു.

രാഷ്ട്രീയ പ്രവേശം മകന്റെ വലിയ സ്വപ്നമായിരുന്നെന്നാണു എലിസബത്ത് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിച്ചെന്നും ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടെന്നും പറഞ്ഞാണു മകൻ തന്നെ വിളിച്ചത്. വിശ്വസിക്കുന്നതു കോൺഗ്രസ് പാർട്ടിയിലായതിനാൽ ബിജെപിയിലേക്കു പോവുന്നത് ആലോചിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രാർഥനയിലൂടെ ബിജെപിയോടുള്ള വെറുപ്പ് മാറിയെന്നും എലിസബത്ത് പറഞ്ഞു.

Advertisement