മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വെള്ളം അപകടത്തിൽപ്പെട്ടു

Advertisement

തിരുവനന്തപുരം . മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വെള്ളം അപകടത്തിൽപ്പെട്ടു. ശക്തമായ തിരയിൽ പെട്ടായിരുന്നു അപകടം. അപകടത്തിൽ കടലിലേക്ക് വീണ തൊഴിലാളിയെ തൊട്ടടുത്തുണ്ടായിരുന്ന വള്ളങ്ങളിലുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി. അതേസമയം മുതലപ്പൊഴിയിൽ ലോങ്ങ് ബൂം ക്രെയിൻ സജ്ജമായതോടെ നാളെ മുതൽ പാറ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞത്. ശക്തമായ തിരയിൽ പെട്ടാണ് വള്ളം തലകീഴായി മറിഞ്ഞത്. അപകടത്തിൽ കടലിലേക്ക് വീണ മത്സ്യത്തൊഴിലാളി അലക്സാണ്ടർ അൽഫോൺസിനെ മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. തൊട്ടടുത്ത വെള്ളത്തിൽ നിന്ന് കയറിട്ടുകൊടുത്താണ് പൂന്തുറ സ്വദേശി അലക്സാണ്ടറിനെ രക്ഷപ്പെടുത്തിയത്.

അതേസമയം മുതലപ്പൊഴിയിൽ ആഴ്ചകളായി നിർത്തിവച്ചിരുന്ന പാറ നീക്കൽ പ്രവർത്തനങ്ങൾ നാളെ പുനരാരംഭിക്കും എന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് അറിയിച്ചു. ഇതിനായി തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ എത്തിച്ച ലോങ്ങ് ബൂം ക്രെയിൻ സജ്ജം ആയിട്ടുണ്ട്. നേരത്തെ ലോങ്ങ് ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് 400 ഓളം പാറകളും ടെട്രാ പോടുകളും തുറമുഖ കവാടത്തുനിന്ന് നീക്കം ചെയ്തിരുന്നു. പിന്നാലെ നിർത്തിവച്ച പ്രവർത്തനങ്ങൾ ഇന്നലെ മന്ത്രി സജി ചെറിയാൻ അദാനിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് പുനരാരംഭിക്കുവാൻ തീരുമാനിച്ചത്. നാളെ രാവിലെ തന്നെ ലോങ്ങ് ബൂം ക്രയിൻ മുതലപ്പൊഴി പുലിമുട്ടിൽ എത്തിക്കുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് വ്യക്തമാക്കി.

Advertisement