അതിതീവ്രമായ ഭരണ വിരുദ്ധ വികാരം,കേരളത്തിൻറെ രാഷ്ട്രീയ മനസ്സ് യുഡിഎഫിന് അനുകൂലമായി മാറിയെന്ന് കെപിസിസി

Advertisement

തിരുവനന്തപുരം . പുതുപ്പള്ളിയിൽ ഭരണവിരുദ്ധ വികാരം അലയടിച്ചെന്ന വിലയിരുത്തലുമായി കെപിസിസി. ഈ സാഹചര്യം നിലനിർത്തി മുന്നോട്ടു പോകാൻ നേതാക്കളോട് നേതൃയോഗത്തിൽ നിർദ്ദേശം. ഈ മാസം 20ന് മുൻപ് മണ്ഡലം പുനഃസംഘടനക്കുള്ള പട്ടിക നൽകാനും ഡിസിസി പ്രസിഡൻ്റുമാർക്ക് അന്ത്യശ്വാസം നൽകി.

കേരളത്തിൻറെ രാഷ്ട്രീയ മനസ്സ് യുഡിഎഫിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് കെപിസിസി നേതൃയോഗത്തിന്റെ വിലയിരുത്തൽ. പുതുപ്പള്ളിയിലെ ഉജ്വലവിജയം അതിതീവ്രമായ ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവ്. ഒപ്പം ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിയിലെ ജനങ്ങൾ ഹൃദയം കൊണ്ട് ആദരവ് നൽകി എന്നും കെപിസിസി നേതൃയോഗം വിലയിരുത്തി. യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടായി പുതുപ്പള്ളിയിൽ പ്രവർത്തിച്ചു.

മണ്ഡലം പ്രസിഡൻ്റുമാരുടെ പുനസംഘടനയും അടിയന്തരമായി പൂർത്തിയാക്കും. ഈ മാസം 20ന് മുൻപ് ഡിസിസി അധ്യക്ഷൻ മാർ പട്ടിക നൽകിയില്ലെങ്കിൽ സ്വന്തം നിലയിൽ പ്രസിഡന്റുമാരെ തീരുമാനിക്കും എന്നും അന്ത്യശാസനം നൽകി. എന്നാൽ ബ്ലോക്ക് പ്രസിഡൻറ് മാരെ നിയോഗിച്ചതിൽ ഉണ്ടായ അതൃപ്തി നേതാക്കൾക്ക് ഇനിയും അവസാനിച്ചിട്ടില്ല. ഇതുകൂടി പരിഗണിച്ചാവും മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം.

സോളാർ ഗൂഢാലോചനയെ കുറിച്ച് സിബിഐ റിപ്പോർട്ടിലെ വിവരങ്ങൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യവും നേതൃയോഗം മുന്നോട്ടുവച്ചു. അതേ സമയം സർക്കാരിനെതിരായ വിവിധ വിഷയങ്ങളിലെ തുടർച്ച സമരങ്ങളുടെ തീയതി തീരുമാനിച്ചിട്ടില്ല.

Advertisement