വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 09 ശനി

🌴 കേരളീയം 🌴

🙏ചൊവ്വാഴ്ച വരെ മഴ തുടരും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നലും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യത.

🙏പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍. സത്യപ്രതിജ്ഞ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്ച രാവിലെ പത്തിന്. 37,719 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷം. ബിജെപിക്കു കെട്ടിവച്ച പണം നഷ്ടമാകും. വോട്ടുനില: ചാണ്ടി ഉമ്മന്‍, കോണ്‍ഗ്രസ്- 80,144, ജെയ്ക് സി. തോമസ്, സിപിഎം- 42,425, ലിജിന്‍ലാല്‍, ബിജെപി 6,558, ലൂക്ക് തോമസ്, ആം ആദ്മി പാര്‍ട്ടി- 835, മൂന്നു സ്വതന്ത്രര്‍- 201, നോട്ട- 400, അസാധു- 473.

🙏പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായ ഐജി ഗുകുലോത്ത് ലക്ഷ്മണയെ വീണ്ടും സസ്പെന്‍ഡ് ചെയ്തു. മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ പങ്കാളിയായ ഐജിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തത്.

🙏സംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,76,70,536 വോട്ടര്‍മാര്‍. 1,31,78,517 പുരുഷന്‍മാരും 1,44,91,779 സ്ത്രീകളും 240 ട്രാന്‍സ്ജെന്ററുകളും. വോട്ടര്‍പട്ടികയില്‍ ഈ മാസം 23 വരെ പേരു ചേര്‍ക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. 941 ഗ്രാമ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പറേഷനുകള്‍ എന്നിവയിലെ കരടു വോട്ടര്‍പട്ടികയാണു പ്രസിദ്ധീകരിച്ചത്.

🙏ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. ബീഹാര്‍ സ്വദേശികളായ ആദിത്യന്‍, കാശി റാം, പശ്ചിമ ബംഗാള്‍ സ്വദേശി ധനഞ്ജയന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

🙏പുതുപ്പള്ളിയിലെ യുഡിഎഫ് വിജയം എല്‍ഡിഎഫിനേറ്റ തിരിച്ചടിയെന്ന് കോണ്‍ഗ്രസ്. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ഏകാധിപത്യത്തിനും കുടുംബാധിപത്യത്തിനും എതിരെ ജനം വോട്ട് ചെയ്തു. അദ്ദേഹം പറഞ്ഞു.

🙏പുതുപ്പള്ളിയില്‍ ബിജെപി വോട്ടുകളുമായാണ് യുഡിഎഫ് ജയിച്ചതെന്ന് തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ്. ഏകപക്ഷീയമായ വിധിതിര്‍പ്പിനില്ല. വികസനത്തിനായുള്ള രാഷ്ട്രീയ സമരങ്ങള്‍ തുടരുമെന്നും ജെയ്ക്ക് പറഞ്ഞു.

🙏പുതുപ്പളളിയില്‍ യുഡിഎഫ് വിജയിച്ചതു സഹതാപ തരംഗംമൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. സുരേന്ദ്രന്‍ പറഞ്ഞു.

🙏പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറകേ, മണ്ഡലത്തിലെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷം. പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് ആക്രമിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സിപിഎം ഓഫീസിന്റെ മുന്നിലായിരുന്നു സംഘര്‍ഷമുണ്ടായത്.

🇳🇪 ദേശീയം 🇳🇪

🙏ജി 20 ഉല്‍സവം. ലോക നേതൃത്വം ഡല്‍ഹിയില്‍. 21 അംഗ രാജ്യങ്ങള്‍ അടക്കം മുപ്പതു രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിക്കു ഡല്‍ഹിയില്‍ ഇന്നു തുടക്കം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കം രാഷ്ട്രത്തലവന്മാര്‍ ഡല്‍ഹിയില്‍ എത്തി. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന വിഷയത്തിലാണു ചര്‍ച്ച. സമാധാനം, ഭക്ഷ്യസുരക്ഷ, ദാരിദ്ര്യ- അസമത്വ നിര്‍മാര്‍ജനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ അംഗരാജ്യങ്ങള്‍ കൂടുതല്‍ സഹകരിക്കാനുള്ള ചര്‍ച്ചകളും നടക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ പൊതു അവധി.

🙏 ആറ് നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തു ബിജെപിക്കു വിജയം. ഉത്തര്‍ പ്രദേശില്‍ ഇന്ത്യാ സഖ്യത്തിന്റെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു. ഝാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിലെ ജെ എം എം സ്ഥാനാര്‍ത്ഥിയാണു ജയിച്ചത്. ബംഗാളില്‍ ബി ജെ പി സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. കേവല ഭൂരിപക്ഷത്തിന് വെല്ലുവിളി നേരിട്ട ത്രിപുരയിലെ രണ്ടിടത്തും ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ മണ്ഡലത്തിലും ബി ജെ പി സ്ഥാനാര്‍ത്ഥി ജയിച്ചു.

🙏 ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയില്‍നിന്നു ബിജെപിയിലേക്കു കൂറുമാറി എംഎല്‍എ സ്ഥാനം രാജിവച്ചു നടത്തിയ തെരഞ്ഞെടുപ്പില്‍ ജനം കൂറുമാറ്റക്കാരനെ കെട്ടുകെട്ടിച്ചു. ഘോസി മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന ബിജെപിയുടെ ധാരാ സിങ് ചൗഹാനെ 42,759 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സമാജ് വാദി പാര്‍ട്ടിയുടെ സുധാകര്‍ സിംഗ് പരാജയപ്പെടുത്തിയത്.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ അമേരിക്ക ബന്ധം ദൃഡമാക്കുന്ന ചര്‍ച്ചയാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. മുന്‍ ധാരണകള്‍ അവലോകനം ചെയ്തു. ഇന്ത്യയില്‍ ജെറ്റ് എന്‍ജിനുകള്‍ നിര്‍മ്മിക്കാനും യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തും.

🙏മണിപ്പൂരിലെ തേങ്നൗപല്‍, കാക്ചിംഗ് ജില്ലകളിലെ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനക്കെതിരെ മെയ്തെയ് വിഭാഗം നടത്തിയ പ്രതിഷേധത്തിനിടൊണു വെടിവയ്പുണ്ടായത്. 50 പേര്‍ക്ക് പരിക്കേറ്റു.

🙏മുംബൈ എക്‌സ്പ്രസ് വേയില്‍ മെഴ്സിഡസ് ബെന്‍സ് പാല്‍ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിജെപി നേതാവിന്റെ മകന്‍ മരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവായ സത്വീര്‍ ചാന്ദിലയുടെ മകന്‍ ആകാശ് ചാന്ദില (23) ആണ് മരിച്ചത്.

🙏മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ 24 കാരിയായ എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഹൗസ് കീപ്പറായിരുന്ന വിക്രം അത്വാളിനെ അന്ധേരി പൊലീസ് സ്റ്റേഷനിലെ ടോയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

🇦🇽 അന്തർദേശീയം 🇨🇦

🙏യുഎഇയില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ദുബൈയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 മീഡിയം ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. രണ്ടു പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

🏑🏸 കായികം 🏏🥍

🙏ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ യു.എസ്. ഓപ്പണ്‍ പുരുഷഡബിള്‍സിന്റെ ഫൈനലില്‍. ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡെനും അടങ്ങിയ സഖ്യം സെമിയില്‍ ഫ്രഞ്ച്
സഖ്യത്തെ തോല്‍പ്പിച്ചാണ് മുന്നേറിയത്.

Advertisement