37,719 വോട്ടുകളുടെ തലയെടുപ്പ്, ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

Advertisement

തിരുവനന്തപുരം.ചാണ്ടി ഉമ്മന് 37,719 വോട്ടുകളുടെ ഭൂരിപക്ഷം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസം ആണ് സത്യപ്രതിജ്ഞ.

അതേസമയം പുതിയ അംഗം വരുന്നതോടെ 140 എം എല്‍ എമാരൈയും ഉള്‍പ്പെടുത്തി നിയമസഭയില്‍ 11ാം തിയതി ഗ്രൂപ്പ് ഫോട്ടോ എടുക്കും. ചോദ്യോത്തര വേള കഴിഞ്ഞാണ് സത്യപ്രതിജ്ഞ. അതിന് ശേഷമാണ് അംഗങ്ങള്‍ സഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലെത്തി ഫോട്ടോയെടുപ്പില്‍ പങ്കെടുക്കുക. തുടര്‍ന്ന് ശൂന്യവേള ആരംഭിക്കും.

കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച് 24 ന് അവസാനിക്കേണ്ടിയിരുന്ന സമ്മേളനം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ 10 ന് അവസാനിപ്പിക്കേണ്ടി വന്നു. ഇനി 11 ന് പുനരാരംഭിതക്കുന്ന സമ്മേളനം 14 ന് സമാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ ആക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനമായിരിക്കും ഇത്. 6 മാസമാണ് 2 നിയമസഭാ സമ്മേളനങ്ങള്‍ക്കിടയിലെ ഇടവേള.

അതേസമയം, ചാണ്ടി ഉമ്മന്റെ വിജയം കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. പുതുപ്പള്ളില്‍ നിന്ന് 53 വര്‍ഷം നിയമസഭയില്‍ എത്തിയ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് ജെയ്ക്ക് കാഴ്ച വെച്ചത്. എന്നാല്‍ ചാണ്ടി ഉമ്മനോട് ഏറ്റുമുട്ടാന്‍ ജെയ്ക്കിന് സാധിച്ചില്ല. പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും ചാണ്ടി ഉമ്മന്‍ നേടി. യു ഡി എഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 14,726 വോട്ടുകള്‍ കൂടിയപ്പോള്‍ എല്‍ ഡി എഫിന് 12,684 വോട്ടുകള്‍ കുറഞ്ഞു അതേസമയം എന്‍ ഡി എ തകര്‍ന്ന് അടിഞ്ഞു . വെറും 6447 വോട്ടുകള്‍ മാത്രം ആണ് നേടാനായത്.

Advertisement