കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതി: ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് ചെന്നൈയിൽ പിടിയിൽ

ന്യൂഡൽഹി: ഐഎസ്ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തൃശൂർ മൊഡ്യൂൾ നേതാവിനെ ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്തെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് സയീദ് നബീൽ അഹമ്മദ് എന്നയാളെ പിടികൂടിയതെന്നും എൻഐഎ അറിയിച്ചു.

ഒളിവിലായിരുന്ന നബീൽ അഹമ്മദിനെ എൻഐഎയുടെ പ്രത്യേക സംഘമാണു പിടികൂടിയത്. കഴിഞ്ഞ കുറച്ചാഴ്ചകളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. തമിഴ്നാട്ടിലും കർണാടകയിലുമായി പല സ്ഥങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യാജ രേഖ ചമച്ച് നേപ്പാളിലേക്കു കടക്കാനായിരുന്നു നീക്കം. വ്യാജ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽനിന്ന് പിടിച്ചെടുത്തു.

തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎസ്ഐഎസ് മൊഡ്യൂൾ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് എൻഐഎയ്ക്കു വിവരം ലഭിച്ചതിനെത്തുടർന്ന് ജൂലൈ 11നാണ് കേസ് റജിസ്റ്റർ ചെയ്തത്. കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പണം കണ്ടെത്താനും ഇവർ നീക്കം നടത്തി. ഇന്ത്യയിൽ പലയിടത്തും ആളുകളെ ചേർക്കുന്നതിന് ഐഎസ്ഐസ് നീക്കം നടത്തുന്നുണ്ട്. നിരവധി ഐഎസ് പ്രവർത്തകരെ ഇതിനകം അറസ്റ്റ് ചെയ്തുവെന്നും എൻഐഎ അറിയിച്ചു.

Advertisement