‘ചികിത്സാ വിവാദം അവാസ്തവം, ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിൽപ്പോയി കണ്ടിട്ടില്ല’

Advertisement

പുതുപ്പള്ളി (കോട്ടയം): മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രതികരിച്ച് ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായിയും കോൺഗ്രസ് നേതാവുമായ നിബു ജോൺ. ഉമ്മൻ ചാണ്ടി ചികിത്സയിലിരിക്കുമ്പോൾ ബെംഗളൂരുവിൽ പോയി സന്ദർശിച്ചിട്ടില്ലെന്ന് നിബു ജോൺ പറഞ്ഞു. ഓഡിയോ ക്ലിപ്പിൽ പ്രചരിക്കുന്ന കാര്യങ്ങള്‍ അവാസ്തവമാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘‘വിവാദം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എല്ലാ കാര്യങ്ങളും പറയുകയുണ്ടായി. ഇപ്പോൾ ആ വിവാദം ഉയർത്തുന്നത് ശരിയല്ല. കാണാനായി എന്നെ അനുവദിച്ചില്ല എന്ന, ഓഡിയോ ക്ലിപ്പിലെ പരാമർശം ശരിയല്ല. ബെംഗളൂരുവിൽ അദ്ദേഹത്തെ സന്ദർശിക്കാൻ പോയിട്ടില്ല. ചികിത്സയിലിരിക്കുമ്പോൾ കാണാൻ പോയപ്പോൾ എന്നെ തടഞ്ഞു എന്നാണ് ഓഡിയോ ക്ലിപ്പിൽ വന്ന കാര്യം. അതു തികച്ചും അവാസ്തവമാണ്.’’– നിബു ജോൺ പറഞ്ഞു.

ചികിത്സാവിവരങ്ങൾ സംബന്ധിച്ചു വ്യക്തമായി അറിവുണ്ടായിരുന്നതായും നിബു പ്രതികരിച്ചു. ‘‘തിരുവനന്തപുരത്തുള്ളപ്പോൾ എന്നെ വിളിക്കുകയും എല്ലാവിവരങ്ങളും സംസാരിക്കുകയും ചെയ്തിരുന്നു. അതു സംബന്ധിച്ച വിവാദത്തിന് ഇപ്പോൾ പ്രസക്തിയില്ല. തിരഞ്ഞെടുപ്പു സമയത്ത് ഇത്തരത്തിലുള്ള വിവാദങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. അതിനെ പ്രതിരോധിക്കാനുള്ള ശക്തി യുഡിഎഫിനും കോൺഗ്രസിനും ഉണ്ട്. പ്രാദേശിക തലത്തില്‍ കോൺഗ്രസിനുണ്ടായ തിരിച്ചടിയെല്ലാം താത്കാലികമായി ഉണ്ടായതാണ്.’’– അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ പ്രവർത്തകനായി തുടരുമെന്നും വൻ ഭൂരിപക്ഷത്തോടു കൂടി ചാണ്ടി ഉമ്മൻ വിജയിക്കുമെന്നും നിബു ജോൺ കൂട്ടിച്ചേർത്തു.

Advertisement