തീർഥാടകന്റെ ഇരുമുടിക്കെട്ടിൽ നിന്ന് വിഷപ്പാമ്പിനെ പിടികൂടി

ശബരിമല: തീർഥാടകന്റെ ഇരുമുടിക്കെട്ടിൽ നിന്ന് വിഷപ്പാമ്പിനെ പിടികൂടി. തമിഴ്നാട്ടിൽ നിന്ന് എത്തിയ കുട്ടികളടക്കമുള്ള തീർഥാടക സംഘത്തിൽപ്പെട്ട ഭക്തന്റെ ഇരുമുടിക്കെട്ടിനുള്ളിലാണ് പാമ്പ് കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ദ്രുതകർമ സേനാംഗമെത്തി പാമ്പിനെ പിടികൂടി. അണലിയെയാണ് പിടികൂടിയത്.

പതിനെട്ടാം പടിക്ക് മുൻ ഭാഗത്ത് മരത്തണലിൽ വിശ്രമിക്കുന്ന നേരത്താണ് പാമ്പ് ഇരുമുടിക്കെട്ടിനുള്ളിൽ കയറിക്കൂടിയത്. ഇരുമുടിക്കെട്ടിനും പൊതിഞ്ഞിരുന്ന തുണിക്കുമിടയിലെ ചലനം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് പാമ്പിനെ കണ്ടത്. ഉടൻ വനംവകുപ്പിനെ വിവരം അറിയിച്ചു.

തുടർന്ന് പാമ്പു പിടിത്തത്തിൽ പരിശീലനം ലഭിച്ച സേനാംഗം എത്തി പാമ്പിനെ പിടികൂടി. പിടികൂടാനുള്ള ശ്രമത്തിനിടയിൽ ഇരുമുടിക്കെട്ടിനുള്ളിൽ നിന്ന് പുറത്തേക്കിഴഞ്ഞു നീങ്ങിയ പാമ്പ് ഭക്തരുടെ ഇടയിലേക്ക് കയറും മുൻപ് പിടികൂടി. 29ന് നാലരയോടെയായിരുന്നു സംഭവം. നട തുറക്കുന്നതും കാത്ത് തീർഥാടകർ എത്തുന്ന സമയത്തായിരുന്നു ഇത്.

പതിനെട്ടാം പടിക്കു സമീപവും മറ്റിടങ്ങളിലും മരങ്ങളിൽ പാമ്പിന്റെ സാന്നിധ്യമുണ്ട്. മരങ്ങളിൽ നിന്ന് പാമ്പ് ഇഴഞ്ഞ് താഴേക്കിറങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ ഇരുമുടിക്കെട്ട് അരികിൽ വച്ച് മരത്തണലിൽ വിശ്രമിക്കുമ്പോൾ ജാഗ്രത വേണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement