നാലാം ഓണത്തിന് നഗരത്തില്‍ അരങ്ങേറുന്ന പുലിക്കളി മഹോത്സവത്തിൻറെ സാംപിള്‍ കാഴ്ചകള്‍ ഒരുങ്ങി

തൃശ്ശൂര്‍. നാലാം ഓണത്തിന് നഗരത്തില്‍ അരങ്ങേറുന്ന പുലിക്കളി മഹോത്സവത്തിൻറെ സാംപിള്‍ കാഴ്ചകളോടെ പുലിക്കളി ചമയങ്ങളുടെ പ്രദർശനം തുടങ്ങി. സ്വരാജ് റൗണ്ടിലെ ബാനർജി ക്ളബിൽ ആരംഭിച്ച ചമയപ്രദര്‍ശനം കാണാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്..

നാടു ഹര്‍ഷാരവത്തോടെ കാത്തിരിക്കുന്ന പുലിക്കളിയില്‍ പങ്കെടുക്കുന്ന വിവിധ ദേശക്കാരുടെ ചമയങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്.
അഞ്ച് ടീമുകളാണ് ഇത്തവണ പുലിക്കളി മഹോൽസവത്തിൽ പങ്കെടുക്കുന്നത്. വിയ്യൂര്‍ സെന്‍റര്‍ , ശക്തന്‍ പുലിക്കളി സംഘം , സീതാറം മില്‍ ദേശം, അയ്യന്തോള്‍ ദേശം, കാനാട്ടുകര ദേശം എന്നിവരാണ് പങ്കെടുക്കുന്ന ടീമുകള്‍.
പുലി വേഷങ്ങൾ , പുലിമുഖങ്ങൾ, തോരണങ്ങൾ, അരമണികൾ, കാൽചിലമ്പുകൾ തുടങ്ങി പുലിക്കളിയെ മനോഹരമാക്കുന്ന ചമയങ്ങളും, വിജയികള്‍ക്കുള്ള ട്രോഫികളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.

കോർപ്പറേഷൻ മുൻ വർഷങ്ങളിലെ തുകയിൽ നിന്നും രണ്ടര ലക്ഷമാക്കിയും, സംസ്ഥാന ടൂറിസം വകുപ്പിൻറെ അമ്പതിനായിരവും, കേന്ദ്ര ടൂറിസം വകുപ്പിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്‍ററിന്‍റെ ഒരു ലക്ഷം വീതവുമായി നാല് ലക്ഷം വീതം ഇത്തവണ ടീമുകൾക്ക് ലഭിക്കും. ചമയ പ്രദര്‍ശനം 31ന് സമാപിക്കും. സെപ്തംബർ ഒന്നിനാണ് പുലിക്കളി. ചമയ പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിര്‍വ്വഹിച്ചു.മേയര്‍ എം.കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.

Advertisement