കേരളത്തിൽ 40 വയസ്സിനു താഴെയുള്ളവരിൽ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുന്നു

കേരളത്തിൽ 40 വയസ്സിനു താഴെയുള്ളവരിൽ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുകയാണെന്നു ഡോക്ടർമാർ. ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത ഡോക്ടർമാരാണ് ഈ കണക്കും ആശങ്കയും പങ്കുവച്ചത്. നേരത്തേ 40 വയസ്സിൽ താഴെ ഹൃദ്രോഗ ബാധിതർ അഞ്ച് ശതമാനത്തിൽ താഴെ ആയിരുന്നെങ്കിൽ ഇപ്പോൾ 10% മുതൽ 15% വരെ ആയിട്ടുണ്ട്. ജീവിതശൈലിയിൽ കാര്യമായ മാറ്റം ഇല്ലാത്തതിനാൽ ഈ നിരക്ക് ഉയർന്നുകൊണ്ടിരിക്കും.

മാത്രമല്ല, 30 വയസ്സിനു താഴെ ഹൃദ്രോഗികൾ ആകുന്നവരുടെ നിരക്കും ഉയരുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ ഹൃദയാഘാത സാധ്യത 60 വയസ്സിനു മുകളിലാണെങ്കിൽ ഇന്ത്യയിൽ അതു പുരുഷന്മാർക്ക് 50 വയസ്സും സ്ത്രീകൾക്ക് 60 വയസ്സുമാണ്.

സംസ്ഥാനത്തെ കാത്ത് ലാബ് ശൃംഖല ശക്തമായതിനാൽ ആൻജിയോപ്ലാസ്റ്റി നടത്തി ഹൃദയാഘാതം മൂലമുള്ള മരണനിരക്കു കുറയ്ക്കാൻ സാധിക്കുന്നുണ്ട്. സംസ്ഥാനത്ത് 185 കാത്ത്‌ ലാബുകളാണു പ്രവർത്തിക്കുന്നത്. ഓരോ 15 കിലോമീറ്ററിനുള്ളിൽ ഒരു കാത്ത് ലാബ് ഉണ്ടെന്നാണു കണക്ക്.

ഭക്ഷണ നിയന്ത്രണവും വ്യായാമവും ഇല്ലാത്ത കുട്ടികളിൽ 8 വയസ്സു മുതൽ ഹൃദ്രോഗ സാധ്യത ആരംഭിക്കും. കൊഴുപ്പും മധുരവും കൂടിയ ഭക്ഷണങ്ങൾ, അമിതഭക്ഷണം, ഉറക്കമിളയ്ക്കൽ എന്നിവയെല്ലാം കുട്ടിക്കാലത്തു തന്നെ ഹൃദയാരോഗ്യത്തിനു ക്ഷതമേൽപ്പിക്കും. ഇത്തരക്കാരിൽ 25 വയസ്സു മുതൽ പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ചെറുപ്പത്തിൽ പുകവലി തുടങ്ങുകയും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സിഗരറ്റ് ഉപയോഗിക്കുകയും ചെയ്യുന്നതാണു കണ്ടുവരുന്നത്. ഇതും ചെറുപ്പക്കാരിലെ ഹൃദ്രോഗബാധിതരുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്.

കടുത്ത ഹൃദയാഘാതം സംഭവിച്ചാൽ ഒന്നര മണിക്കൂറിനകം സ്റ്റെന്റ് ഇടണം. അല്ലെങ്കിൽ ജീവൻ രക്ഷിക്കാനാവില്ല. രാജ്യത്തു മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കാത്ത് ലാബുകളുള്ളത്– 220 എണ്ണം.

മഹാരാഷ്ട്രയിലെ ജനസംഖ്യ 13.16 കോടിയാണെങ്കിൽ കേരളത്തിൽ 3.50 കോടിയാണ്.

Advertisement