റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന ഗോതമ്പുപൊടിയുടെ വില വര്‍ധിപ്പിച്ചു

Advertisement

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന ഒരു കിലോ പാക്കറ്റ് ആട്ടയുടെ (ഗോതമ്പുപൊടി) വില വര്‍ധിപ്പിച്ചു. മഞ്ഞ കാര്‍ഡ് (അന്ത്യോദയ അന്നയോജന – എഎവൈ) ഉടമകള്‍ക്ക് കിലോയ്ക്ക് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയായും പിങ്ക് കാര്‍ഡ് (പിഎച്ച്എച്ച്) ഉടമകള്‍ക്ക് എട്ട് രൂപയില്‍ നിന്ന് ഒന്‍പത് രൂപയായുമാണ് വില കൂട്ടിയത്. ഗോതമ്പ് പൊടിച്ച് ആട്ടയാക്കുന്നതിനു വരുന്ന ചെലവിനത്തില്‍ ഈടാക്കുന്ന തുകയാണ് വര്‍ധിപ്പിച്ചത്.
ആട്ടയുടെ വില്‍പനവില കൂട്ടണമെന്ന് സപ്ലൈകോ എംഡി നല്‍കിയ ശുപാര്‍ശ കഴിഞ്ഞയാഴ്ച ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിക്കുകയായിരുന്നു. ഇന്ധനവില, വൈദ്യുതിനിരക്ക്, ലോഡിങ് ചാര്‍ഡ്, പാക്കിങ് സാധനങ്ങള്‍ എന്നീ ഇനങ്ങളിലെ ചെലവ് വര്‍ദ്ധിച്ചതിനാല്‍ ആട്ടയുടെ പ്രോസസിങ് ചാര്‍ജ് ക്വിന്റലിന് 434.70 രൂപയില്‍ നിന്ന് 520 രൂപയായും ഓവര്‍ഹെഡ് ചെലവുകള്‍ ക്വിന്റലിന് 96.30 രൂപയില്‍ നിന്ന് 110 രൂപയായും വര്‍ധിപ്പിക്കണമെന്നായിരുന്നു ശുപാര്‍ശ.
മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് പാക്കറ്റും പിങ്ക് കാര്‍ഡിന് ഓരോ കിലോയുമാണ് ആട്ട ലഭിക്കുന്നത്.

Advertisement