വീണാ വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയാല്‍ അതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ സമരവുമായി രംഗത്തെത്തുമോ? എന്ന്സംശയം, വി മുരളീധരന്‍

Advertisement

ന്യുഡല്‍ഹി. കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎം പിന്മാറണമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ആലുവയിലെ കരിമണല്‍ കമ്ബനി നല്‍കിയ മാസപ്പടി വിവരം പുറത്തുവന്നിട്ട് രണ്ട് ദിവസം പിന്നിട്ടു. വീണാ വിജയന്റെ കമ്ബനി വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയാണെന്നാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ ഗൂഢാലോചനയുടെ ഭാഗമാണ് പുറത്തുവരുന്ന വാര്‍ത്തകളെന്ന് പറയുന്നു. വീണാ വിജയന്റെ കമ്ബനിയുടെ സുതാര്യത സര്‍ട്ടിഫൈ ചെയ്യാന്‍ എന്ത് ആധികാരികതയാണ് സിപിഎമ്മിന്റെ കയ്യിലുള്ളത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വീണാ വിജയന്റെ കമ്ബനിയുമായി ഒരു ബന്ധവുമില്ലല്ലോ? കഴിഞ്ഞ കാലങ്ങളിലൊക്കെ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന വന്ന വിവാദങ്ങളില്‍ പാര്‍ട്ടി എടുത്ത തീരുമാനം, കോടിയേരിയുടെ മകന് പാര്‍ട്ടിയുമായി ബന്ധമില്ല എന്നും അതിനാല്‍ വിശദീകരിക്കേണ്ട എന്നതുമായിരുന്നു. ഇന്ന് സ്ഥിതി മാറി. വീണാ വിജയന്റെ കമ്ബനി തന്നെ സിപിഎമ്മിന്റെ കമ്ബനിയാണെന്ന് സമ്മതിക്കുന്നതിന്റെ ഭാഗമാണോ ഇന്നലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തുവിട്ട പ്രസ്താവന. വീണാ വിജയനെ എന്നാണ് സിപിഎം സംസ്ഥാന സമിതിയംഗമാക്കിയത് എന്നെങ്കിലും ജനങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി വിവരം പറഞ്ഞാല്‍ ഇത് മനസ്സിലാകും.

പുതുപള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടാനാണ് കേന്ദ്ര ഏജന്‍സിയുടെ ഉത്തരവ് വന്നതെന്ന് പറയുന്നൂ. ജൂണ്‍ മാസം 12ാം തീയതിയാണ് ഈ ഉത്തരവ് വരുന്നത്. ഉമ്മന്‍ ചാണ്ടി അന്തരിക്കുന്നത് ജൂലായ് 18നാണ്. ഇത്തരം പച്ചനുണകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ ജനങ്ങള്‍ക്ക് അതെല്ലാം മനസ്സിലാക്കാനുള്ള കഴിവുണ്ട് എന്ന് അവര്‍ തിരിച്ചറിയണം.

ഈ ഉത്തരവ് പുറത്തിറങ്ങുമ്‌ബോള്‍ പുതുപള്ളി ഉപതിരഞ്ഞെടുപ്പ് ആരുടെയും ചിന്തയില്‍ ഇല്ലായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നടത്തുന്ന വേട്ടയാടലായി ചിത്രീകരിക്കണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം. കാണ്ടാമൃഗത്തെ പോലും തോല്‍പ്പിക്കുന്ന തരത്തിലുള്ള തൊലിക്കട്ടി വേണം. ഇനിയെങ്കിലും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്മാറണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയിരിക്കുന്നത് മാസപ്പടിയാണ്. ഇത് വര്‍ഷം തോറുകൊടുക്കുന്ന കണക്കാണെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ഇത് മാസംതോറും അഞ്ച് ലക്ഷവും മൂന്നു ലക്ഷവും കൊടുക്കുന്ന കണക്കാണ്. എന്നു പറഞ്ഞുതന്നെയാണ് കരാറുണ്ടാക്കിയിരിക്കുന്നത്. അതിനെ മാസപ്പടി എന്നു മാത്രമേ പറയാന്‍ കഴിയൂ. തിരിച്ച് അവരുടെ കമ്ബനി കരിമണല്‍ കമ്ബനിക്ക് ഒരുതരത്തിലുമുള്ള സേവനവും നല്‍കിയിരുന്നില്ലെന്ന് കരിമണല്‍ കമ്ബനിയുടെ ഉദ്യോഗസ്ഥര്‍തന്നെ ആദായ നികുതി വകുപ്പിന് നല്‍കിയ പ്രസ്താവനയില്‍ തെളിവു സഹിതം കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന ആനുകൂല്യം വച്ചാണ് ഈ മാസപ്പടി നല്‍കിയതെന്നും വി.മുരളീധരന്‍ ആരോപിച്ചു.

കരിമണല്‍ കമ്ബനി മാന്യന്മാരാണെന്നാണ് സിപിഎം പറയുന്നത്. അവര്‍ക്കെതിരെ പ്രശ്നമില്ല, മകാടതി നടപടികളില്‍ നിന്നും പിഴയില്‍ നിന്നും ഒഴിവാക്കി എന്നൊക്കെ പറയുന്നു. നികുതി വെട്ടിപ്പിന് പിഴ ചുമത്തിയ കമ്ബനിയെ വെള്ളപൂശാന്‍ വേണ്ടി എന്തു ലഭിച്ചുവെന്ന് സിപിഎം വിശദീകരിച്ചിട്ടില്ല.

കേരളത്തിലെ എല്ലാ കാര്യത്തിലും ആധികാരികമായി അഭിപ്രായം പറയുന്ന മരുമകന്‍ മന്ത്രി, ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കുന്നില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കണക്കില്‍ ഇക്കാര്യം മറച്ചുവച്ചു.

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നായിരുന്നു സംശയം. റൂള്‍ 50 പ്രകാരം പ്രശ്നം കൊണ്ടുവന്നാല്‍ അവതരിപ്പിച്ചാല്‍ തള്ളിപ്പോകുമെന്നാണ് പറയുന്നത്. ഭൂരിപക്ഷമില്ലെന്ന് അറിഞ്ഞുകൊണ്ടല്ലേ പാര്‍ലമെന്റില്‍ അവര്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതന്‍ നടത്തിയ ഇടപാടിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടുന്നില്ല. വീണാ വിജയന്റെ പേര് സഭാ രേഖകളില്‍ നിന്ന് നീക്കിയതിനെതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടുന്നില്ല. നാളെ വീണാ വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയാല്‍ അതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ സമരവുമായി രംഗത്തെത്തുമോ? വീണാ വിജയനു വേണ്ടിയുള്ള സിപിഎം ഇടപെടല്‍ ആരെ രക്ഷിക്കാനാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. കോണ്‍ഗ്രസിന്റെ ഈ ഒളിച്ചുകളി ആരെ പേടിച്ചാണ്. എല്ലാ കാലത്തും എല്ലാവരുടേയും വിഡ്ഢികളാക്കാന്‍ കഴിയില്ല. രണ്ടു പേരുടെയും മടിയില്‍ കനമുള്ളതുകൊണ്ടാണോ രണ്ടു കൂട്ടരും മൗനം പാലിക്കുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഒരു ഭിന്നതയില്ല – മുരളീധരന്‍ പറഞ്ഞു.

ആദായ നികുതി വകുപ്പിന്റെ വിധി എങ്ങനെയാണ് പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടലാകുന്നതെന്നും വി.മുരളീധരന്‍ ചോദിക്കുന്നു

Advertisement