സിഎംആർഎൽ റെയ്ഡിനിടെ കിട്ടിയ മാസപ്പടി ഡയറി വീണയ്ക്ക് കുരുക്കായി

Advertisement

കൊച്ചി. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തില്‍ സിഎംആർഎൽ റെയ്ഡിനിടെ കിട്ടിയ മാസപ്പടി ഡയറിയും ഇതിനെ മുന്‍ നിര്‍ത്തി നടത്തിയ അന്വേണവുമാണ് ആദായനികുതി വകുപ്പിന് വീണയ്ക്കുമേല്‍ ലഭിച്ച തെളിവായത് . സോഫ്റ്റ് വെയർ അപ്ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപ പലപ്പോഴായി നൽകിയെന്നായിരുന്നു സിഎംആർഎൽ വിശദീകരണം. പല പാർട്ടികളിലേയും മുതിർന്ന നേതാക്കൾ മുതൽ പൊലീസ് ഉദ്യോഗസ്ഥർ വരെ മാസപ്പടി പറ്റുന്നവരുടെ കണക്കും ഈ ഡയറിയിലുണ്ടായിരുന്നു.

2019 ജനുവരി 25നായിരുന്നു കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായിക്കിട്ടിയ ഡയറിയിലായിരുന്നു മാസപ്പടികണക്കുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനിക്ക് 2017 മുതൽ മൂന്ന് വ‍ർഷം നൽകിവന്ന പണത്തിന്‍റെ കണക്കും ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എതിർകക്ഷികൾക്ക് വിശദീകരിക്കാനാകാത്ത ഇടപാടുകളെന്ന് കേന്ദ്ര ഏജൻസിക്ക് ബോധ്യപ്പെട്ടത്. കേരളതീരത്തെ കരിമണൽ ഖനനത്തിനായി പതിറ്റാണ്ടുകളായി ശ്രമം നടത്തുന്ന സിഎംആർഎല്ലിന്‍റെ സോഫ്റ്റ് വെയർ അ‍പ്ഡേഷനുവേണ്ടിയാരുന്നു വീണാ വിജയന്‍റെ ഉടമസ്ഥയിലുള്ള എക്സാലോജിക്കിന് പണം നൽകിയതെന്നായിരുന്നു വിശദീകരണം. 

എന്നാൽ, ഇത്തരമൊരു സോഫ്റ്റ് വെയർ അപ്ഡേഷൻ ഈ സ്ഥാപനത്തിൽ നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പിന് ബോധ്യപ്പെട്ടു. ബാങ്ക് മുഖേനയാണ് പണം കൈമാറിയതെന്നും കളളപ്പണ ഇടപാടല്ലെന്നുമായിരുന്നു സിഎംആർഎൽ നിലപാട്. എന്നാൽ ഇല്ലാത്ത സേവനത്തിന് മാസം തോറും പണം നൽകിയത് വഴിവിട്ട ഇടപാടെന്ന നിലയിലിയിരുന്നു ഇൻക് ടാക്സ് കണക്കാക്കിയത്. ഇത് സാധൂകരിക്കും വിധമാണ് ആദായ നികുതി വകുപ്പ് തർക്കപരിഹാര ബോർഡിന്‍റെ കണ്ടെത്തൽ.

എന്നാൽ വീണയുടെ സ്ഥാപനവുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നും ഒന്നും ഓർക്കുന്നില്ലെന്നുമാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ നിലപാട്. ആദായ നികുതി വകുപ്പിന്‍റെ പക്കലുളള മാസപ്പടി ഡയറിയിലെ വിവരങ്ങൾ നേരത്തെ തന്നെ ഇഡി അടക്കമുളള കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. 

Advertisement