സ്‌കൂള്‍ അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികളുടെ കൂട്ടപരാതി

Advertisement

മലപ്പുറം. കരുളായിയില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികളുടെ കൂട്ടപരാതി. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്‌കൂള്‍ അദ്ധ്യാപകനുമായ നൗഷാര്‍ ഖാനെതിരേയാണ് വിദ്യാര്‍ത്ഥികളുടെ പരാതി കിട്ടിയത്.

വിവരം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചതോടെ പൂക്കോട്ടുംപാടം പോലീസ് അദ്ധ്യാപകനെതിരേ കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 16 പീഡനപരാതികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്. ഇതിലെ എല്ലാ പരാതികളും അദ്ധ്യാപകനായ നൗഷാര്‍ ഖാന് എതിരേയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

അതേസമയം നിലവില്‍ ഒരു വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലായ് 20-ാം തീയതി അദ്ധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഈ വിദ്യാര്‍ഥി മൊഴി നല്‍കിയത്. എന്നാല്‍ പോലീസ് കേസെടുത്തതിന് പിന്നാലെ അദ്ധ്യാപകനായ നൗഷാര്‍ ഖാന്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

Advertisement