കാലവർഷം ദുർബലം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പകുതിയിലും താഴെ

ഇടുക്കി.കാലവർഷം ദുർബലമായതിനാൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പകുതിയിലും താഴെയായി തുടരുന്നു. സംഭരണശേഷിയുടെ 32% മാത്രമാണ് അണക്കെട്ടിലെ ജലനിരപ്പ്. വൈദ്യുതവകുപ്പിന്റെ സംസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട അണക്കെട്ടുകളിലും സ്ഥിതി സമാനമാണ്.


കാലവർഷം തുടങ്ങി രണ്ടുമാസം പിന്നീടുമ്പോൾ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2331.76 അടിയാണ്. അതായത് സംഭരണശേഷിയുടെ 32% മാത്രം. കഴിഞ്ഞവർഷം ഇതേ ദിവസം അണക്കെട്ടിൽ ഉണ്ടായിരുന്നത് സംഭരണശേഷിയുടെ 69% വെള്ളം. അതായത് 2375.34 അടി. കെഎസ്ഇബിയെ ആശങ്കപ്പെടുത്തുന്ന കണക്കും ഇതുതന്നെയാണ്. കാലവർഷത്തിൽ ജലനിരപ്പ് ഉയർന്നില്ലെങ്കിൽ അടുത്ത വേനലിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തുകയോ ഉയർന്ന വിലയ്ക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയോ കെഎസ്ഇബിക്ക് ഉണ്ടാകും.

സംസ്ഥാനത്തെ കെഎസ്ഇബിയുടെ മറ്റു പ്രധാനപ്പെട്ട അണക്കെട്ടുകളിലും സ്ഥിതി സമാനമാണ്. കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ കഴിഞ്ഞവർഷം 67% വെള്ളം അവശേഷിച്ചിരുന്നു. എന്നാൽ ഇന്ന് 37% മാത്രം. സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും 35% കുറവ് മഴയാണ് ഈ കാലവർഷം പെയ്തത്. വരുംദിവസങ്ങളിൽ മഴ ശക്തമാകും എന്നാണ് പ്രതീക്ഷ. എന്നാൽ മഴ കാര്യമായി ലഭിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധി നേരിടും.

Advertisement