‘അണ്ടർടേക്കറും തോറ്റ് പോകും’; മലയാളി പ്രീവെഡ്ഡിംഗ് ഷൂട്ട് നെറ്റിസൺസിനിടെ വൈറൽ !

വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന പ്രീവെഡ്ഡിംഗ് ഷൂട്ടുകൾ പലപ്പോഴും അതിൻറെ വ്യത്യസ്തതകൾ കൊണ്ട് വൈറലാകാറുണ്ട്. ചിലപ്പോൾ വിചിത്രമായ സ്ഥലത്തിൻറെ പ്രത്യേകതയിൽ മറ്റ് ചിലപ്പോൾ ഷൂട്ടിനായി ഉപയോഗിച്ച വസ്തുക്കളുടെ പ്രത്യേകത കൊണ്ടൊക്കെ ഇത്തരത്തിലുള്ള പ്രീ വെഡ്ഡിംഗ് ഷൂട്ടുകൾ നെറ്റിസൺസ് ഏറ്റെടുക്കാറുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട്, വരനും വധുവും വ്യത്യസ്ത ഫോട്ടോയ്ക്ക് വേണ്ടി എടുത്ത അധ്വാനത്തിൻറെ പേരിലാണ് വൈറലായിരിക്കുന്നത്. Hasna Zaroori Hai എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു,’ “അണ്ടർടേക്കർ” പ്രീവെഡ്ഡിംഗ് ഷൂട്ട്. വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലായി. ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്.

പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ച വധുവും കാഷ്വലായി നീല ജീൻസും പിങ്ക് ബനിയനും ധരിച്ച വരനുമാണ് വീഡിയോയിൽ ഉള്ളത്. ഒരു റബർ തോട്ടത്തിൽ വച്ചാണ് വീഡിയോ ഷൂട്ട്. വീഡിയോയുടെ തുടക്കത്തിൽ വരനും വധുവും മുഖാമുഖം നിൽക്കുന്നു. പിന്നാലെ ഇരിക്കട്ടെയെന്ന് പറഞ്ഞ് വരൻ വധുവിൻറെ മുന്നിൽ കുത്തിയിരിക്കുകയും വധു വരൻറെ തേളിലേക്ക് തൻറെ കാലുകൾ എടുത്ത് വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. വധുവിൻറെ ഭാരവും വരൻറെ ഇറുകിയ വസ്ത്രങ്ങളും ഈ ഉദ്യമം ഏറെ നേരം നീണ്ട് നിൽക്കുന്നു.

ഈ സമയമത്രയും മലയാള സിനിമയിലെ ചില ഡയലോഗുകൾ, പ്രത്യേകിച്ചും സുരജ് വെഞ്ഞാറമൂടിൻറെ ചില ഡയലോഗുകളാണ് കേൾക്കാൻ കഴിയുക. ഒടുവിൽ വധു റബർ മരത്തിൻറെ സഹായത്തോടെ വരൻറെ തോളിൽ കയറാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. പിന്നാലെ ക്യാമറാ അസിസ്റ്റൻറിൻറെ സഹായത്തോടെ വരൻ ഒരു വിധത്തിൽ വധുവിനെ തോളിൽ കയറ്റുന്നു. പിന്നെ വീഡിയോയിൽ ഒരു ഇമേജാണ് പ്രത്യക്ഷപ്പെടുന്നത്. വരൻറെ തോളിൽ കാൽ തൂക്കിയിട്ട് വധു തലകീഴായി കിടക്കുന്ന ചിത്രം. ഈ ചിത്രത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു വീഡിയോയിൽ നമ്മൾ കണ്ടത്. “അണ്ടർടേക്കർ ഇതിൽ അഭിമാനിക്കണം,” എന്നായിരുന്നു ഒരു കാഴ്ചക്കാരൻ വീഡിയോയ്ക്ക് നൽകിയ കമൻറ്.

https://twitter.com/i/status/1684050014153342978
Advertisement