സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ അക്രമം

Advertisement

കോഴിക്കോട്. ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും സംരക്ഷണം ഇരട്ടിപ്പിച്ച നിയമം വന്നിട്ടും സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ അക്രമം .കോഴിക്കോട് – നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഭരത് കൃഷ്ണയാണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം . കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ചാലക്കുടി സ്വദേശിയായ ഡോക്ടർ ഭരത് കൃഷ്ണയെ രണ്ടംഗ സംഘം അക്രമിക്കുകയായിരുന്നു. ശരത് എന്ന പേരിൽ ടിക്കറ്റെടുത്ത യുവാവും കൂട്ടുകാരനുമാണ് മർദിച്ചത്. ചെവി അടഞ്ഞു എന്നു പറഞ്ഞാണ് രണ്ടുപേരും ഡോക്ടറെ സമീപിച്ചത്.
വയനാട്ടിൽ നിന്ന് വരുന്നതാണെന്നും കുറ്റ്യാടി ആശുപത്രിയിൽ കാണിച്ചെങ്കിലും മരുന്നു ലഭിച്ചില്ലെന്നും പറഞ്ഞു. തുടർന്ന് ഡോക്ടർ ശരത്തിനെ പരിശോധിച്ചു മരുന്ന് നിർദ്ദേശിച്ചു . മരുന്ന് വാങ്ങാൻ എത്തിയപ്പോൾ കൂട്ടുകാരനും മരുന്ന് നൽകണമെന്നാവശ്യപ്പെട്ടു. ടിക്കറ്റ് എടുത്ത് വരാൻ പറഞ്ഞതോടെ ഇവർ നഴ്സുമാരെ അസഭ്യം പറയുകയും വിഷയത്തിൽ ഇടപെട്ട ഡോക്ടറെ മർദിക്കുകയുമായിരുന്നു.

ഡോക്ടറുടെ
പരാതിയിൽ കേസെടുത്ത നാദാപുരം
പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ തടയാൻ സർക്കാർ നടപടി കർശനമാക്കുന്നതിനിടെയാണ് പുതിയ സംഭവം .

Advertisement