വിവാഹത്തിനിടെ പോലീസ് പിടിച്ചു കൊണ്ടുപോയ ആല്‍ഫിയയും അഖിലും നാളെ വിവാഹിതരാകും

Advertisement

കോവളത്തെ ക്ഷേത്രത്തില്‍ നിന്ന് കല്യാണത്തിന് തൊട്ടുമുമ്പ് പോലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോയ ആല്‍ഫിയ നാളെ വിവാഹിതയാകും. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തില്‍ അഖിലും കായംകുളം സ്വദേശിയായ ആല്‍ഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെ കായംകുളം പോലീസ് ആല്‍ഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ ആല്‍ഫിയയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് കൊണ്ടുപോയത്. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെണ്‍കുട്ടിയെ കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാന്‍ ആല്‍ഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവില്‍ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.
പിന്നീട് ആല്‍ഫിയയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി. കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്റെ വീട്ടിലെത്തിച്ചപ്പോള്‍ ആല്‍ഫിയ അഖിലിനൊപ്പം പോകണമെന്ന് വ്യക്തമാക്കി. ഈ സമയത്ത് അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ മജിസ്‌ട്രേറ്റ് പരാതി തീര്‍പ്പാക്കി.
അതേസമയം, കായംകുളം പോലീസ് മോശമായാണ് പെരുമാറിയതെന്ന് അഖിലും ആല്‍ഫിയയും പ്രതികരിച്ചു. സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആല്‍ഫിയ വ്യക്തമാക്കി. വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനില്‍ വെച്ച് വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം ശനിയാഴ്ചയാണ് കായംകുളം പോലീസ് സ്റ്റേഷനില്‍ കാണാനില്ലെന്ന പരാതി നല്‍കിയത്.
കോവളം പോലീസ് സഹായിച്ച് വിവാഹം കഴിക്കാനെത്തിയ യുവതിയെ കായംകുളം പൊലീസ് ബലപ്രയോഗത്തില്‍ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. വെള്ളിയാഴ്ച ആല്‍ഫിയ വീടുവിട്ട് കോവളത്തെത്തിയ കാര്യം ആല്‍ഫിയയുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നെന്ന് അഖില്‍ പറയുന്നു. അന്ന് തന്നെ ആല്‍ഫിയയുടെ ബന്ധുക്കള്‍ കോവളത്തെത്തിയെന്നും കോവളം പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തനിക്കൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് ആല്‍ഫിയ പറഞ്ഞുവെന്നും അഖില്‍ വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് അഖിലും ആല്‍ഫിയയും പരിചയപ്പെട്ടത്.

Advertisement