തിരശീല വീണത് നാടകങ്ങളിലൂടെ ആരംഭിച്ച അഭിനയ ജീവിതത്തിന്

തിരുവനന്തപുരം: രാവിലെ അന്തരിച്ച പൂജപ്പുര രവി നാടകങ്ങളിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. നാടകവേദികളിൽ രവി എന്ന പേരിൽ ഒരുപാട് പേർ ഉണ്ടായിരുന്നതിനാൽ സ്ഥലപ്പേര് പേരിനൊപ്പം ചേർക്കുകയായിരുന്നു.

എസ് എൽ പുരം സദാനന്ദൻറെ ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ് വേദിയിലേക്കുള്ള കടന്നുവരവ്. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിൻറെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്. ഹരിഹരൻറെ സംവിധാനത്തിൽ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിൻറെ സിനിമയിലെ തുടക്കം. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പക്ഷേ ഏത് റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആർട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി.

മികച്ച ടൈമിംഗ് കൊണ്ട് കോമഡി റോളുകളിൽ നന്നായി തിളങ്ങിയിരുന്നു പൂജപ്പുര രവി. മുത്താരംകുന്ന് പിഒ, ഓടരുതമ്മാവാ ആളറിയാം, പൂരം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിൻറെ വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 600ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 2016 ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അഭിനയിച്ച അവസാന ചിത്രം.

Advertisement