കെ സുധാകരനെതിരെയും കേസ്, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

കൊച്ചി. മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച്. കേസിൽ വിശദശമായ റിപ്പോർട്ട് എറണാകുളം എസിജെഎം കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചു. കെ സുധാകരൻ മോൻസൺ മാവുങ്കലിൽ നിന്ന് പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു. സുധാകരനോട് മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഉന്നതരെ രക്ഷിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ചിൽ നിന്ന് കേസ് മാറ്റി അന്വേഷണം സിബിഐക്ക് കൈമാറണമെന്നും കാണിച്ച് പരാതിക്കാരനായ മുഷ്താഖ് ഹൈക്കോടതിയെ സമീപിച്ചിരിന്നു. മുഷ്താക്കിൻ്റെ ഹർജി 15 ന് പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ചിൻ്റെ അപ്രതീക്ഷിത നീക്കം.കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് എറണാകുളം എസിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് സി ആർ പി സി 41 പ്രകാരം കെ പി സി സി അധ്യക്ഷന് നോട്ടീസും നൽകിയിട്ടുണ്ട്. മറ്റൊരു പരാതിക്കാരനായ അനൂപിൽ നിന്ന് മോൻസൻ 25 ലക്ഷം രൂപ വാങ്ങിയെന്നും ഇതിൽ 10 ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്നുമാണം ക്രൈംബ്രാഞ്ച് പറയുന്നത് .ഉന്നതർക്ക് നൽകാനാണ് പണമെന്നായിരുന്നു അനൂപ് നൽകിയ മൊഴി.ഇത് സംബന്ധിച്ച് 164 മൊഴികളും രേഖപ്പെടുത്തിയ ശേഷമാണ് കെ സുധാകരനെ പ്രതി ചേർത്ത് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നത്.

മറ്റന്നാൾ കെ സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകുമോ അതോ മുൻകൂർ ജാമ്യാപേക്ഷയുമായി മുന്നോട്ടു പോകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത് . വിഷയത്തിൽ നാളെ പ്രതികരണമെന്നാണ് കെ പി സി സി പ്രസിഡൻ്റിൻ്റെ നിലപാട്. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്നോട്ടുപോകുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയും കേസ് എടുത്തത് പ്രതികാരനടപടിയെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Advertisement