ഡോ.സുഷമ മലയാളം സർവകലാശാല വിസി; സർക്കാർ പട്ടികയിൽ നിന്ന് നിയമിച്ച് ഗവർണർ

തിരുവനന്തപുരം: മലയാളം സർവകലാശാല വൈസ് ചാൻസലറായി ഡോക്ടർ എൽ. സുഷമയെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശങ്കരാചാര്യ സർവകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ. സർക്കാർ നൽകിയ പട്ടികയിൽ നിന്നാണ് ഗവർണർ നിയമനം നടത്തിയത്.

എംജി സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സി.ടി.അരവിന്ദ് കുമാറിനും നൽകി. എം.ജി സർവകലാശാല വി.സി സ്ഥാനത്തേക്ക് സർക്കാർ നൽകിയ രണ്ടു പാനലിലും സി.ടി. അരവിന്ദ് കുമാറിൻറെ പേരുണ്ടായിരുന്നു. സാബു തോമസിൻറെ പേര് ഉൾപ്പെടുത്തിയ പാനൽ ആദ്യം ഗവർണർ നിരസിച്ചിരുന്നു. പിന്നീട് സാബു തോമസിനെ ഒഴിവാക്കി സുദർശനകുമാറിനെ ഉൾപ്പെടുത്തിയാണ് മൂന്നംഗ പാനൽ സമർപ്പിച്ചത്.

അതേസമയം, മലയാളം വിസിയായി ഡോ. പി.പി.എസ്.രാധാകൃഷ്ണൻറെ പേരു മാത്രമാണ് സർക്കാർ നൽകിയത്. ഇത് ഗവർണർ നിരസിച്ചതിനെ തുടർന്ന് എൽ.സുഷമയുടേത് ഉൾപ്പെടെ മൂന്നംഗ പാനൽ നൽകുകയായിരുന്നു.

Advertisement