ബീച്ചിൽ പന്ത് കളിക്കാനെത്തിയ വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി

Advertisement

കോഴിക്കോട്. ബീച്ചിൽ പന്ത് കളിക്കാനെത്തിയ വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ ഹസ്സൻ എന്നിവരെയാണ് കാണാതായത്. കോസ്റ്റ് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഇന്ന് രാവിലെ എട്ടരയോടെയാണ്, കോഴിക്കോട് ബീച്ചിൽ പന്തുകളിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികൾ തിരയിലകപ്പെടുന്നത്. പന്ത് തിരയില്‍ വീണത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മുഹമ്മദ് ആദിൽ, ആദിൽ ഹസ്സൻ എന്നിവരെ  കാണാതായി. ഇവർക്കൊപ്പം തിരയിലകപ്പെട്ട കുട്ടിയെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി.

കുട്ടികളെ കണ്ടെത്തുന്നതിനായി, പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. കോസ്റ്റ് ഗാർഡിന്റെ കപ്പലും രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തെത്തി.

കുട്ടികൾ അപകടത്തിൽപ്പെട്ട ബീച്ചിലെ ലയൺസ് പാർക്ക് ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന്
നാട്ടുകാർ ആരോപിക്കുന്നു. ലൈഫ് ഗാർഡുകൾ ഉൾപ്പെടെ ഇവിടെ ഇല്ലെന്നും പ്രദേശവാസികൾ പറയുന്നു.

Advertisement