‘ഡോ.വന്ദനയെ മണിക്കൂറുകൾ എടുത്താണ് തിരുവനന്തപുരത്ത് എത്തിച്ചത്; വീഴ്ച സംഭവിച്ചു’

Advertisement

ന്യൂഡൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തിൽ, കടുത്ത വിമർശനവുമായി ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ. ആക്രമണം നടന്നയുടൻ ഡോ.വന്ദനയ്ക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ ചൂണ്ടിക്കാട്ടി.

മണിക്കൂറുകൾ‌ എടുത്താണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചത് ഡോ. വന്ദന കൊലക്കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കൾക്ക് പരാതിയുണ്ട്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖ ശർമ വ്യക്തമാക്കി.

ഡോ.വന്ദന ആക്രമിക്കപ്പെട്ടപ്പോൾ പൊലീസ് ഇടപെട്ടതിലും പ്രശ്നങ്ങളുണ്ടെന്ന് രേഖാ ശർമ ചൂണ്ടിക്കാട്ടി. വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല. പരുക്കേറ്റ അക്രമിയെ നാലു പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ല. വന്ദന രക്ഷപ്പെടുത്തcമെന്ന് അഭ്യർഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായിരുന്നില്ല. ആക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നൽകിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നൽകാൻ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവർ ചോദിച്ചു.

കേരളാ പൊലീസിന് ഒരു പെൺകുട്ടിയെ പോലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും രേഖ ശർമ കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾക്ക് പരാതിയുണ്ട്. അവർ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണെന്നും അവർ വെളിപ്പെടുത്തി.

ഡോ.വന്ദനയുടെ കടുത്തുരുത്തിയിലെ വീട്ടിൽ രേഖ ശർമ സന്ദർശനം നടത്തിയിരുന്നു. വന്ദനയുടെ പിതാവ് കെ.ജി.മോഹൻദാസ്, അമ്മ വസന്തകുമാരി എന്നിവരുമായി അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിലെ അതൃപ്തി വന്ദനയുടെ പിതാവ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയെ അറിയിച്ചതിനെ തുടർന്നായിരുന്നു സന്ദർശനം. വന്ദനയുടെ സഹപ്രവർത്തകരെയും അന്വേഷണ ഉദ്യോഗസ്ഥരെയും നേരി‍ൽക്കണ്ട് വിവരങ്ങൾ തേടുമെന്ന് അവർ അറിയിച്ചിരുന്നു.

Advertisement