ഇഷ്ടഗായകന്റെ പാട്ടു കേൾക്കാനെത്തി; ലൈവിനിടെ പെൺകുഞ്ഞിനു ജന്മം നൽകി യുവതി

Advertisement

പ്രസവം സുഗമമാക്കാൻ പാട്ട് കേൾക്കുന്നതും മ്യൂസിക് തെറപ്പി ചെയ്യുന്നതുമൊക്കെ ഉത്തമമാണെന്നു പറയാറുണ്ട്. ഇപ്പോഴിതാ സംഗീത പരിപാടി ആസ്വദിക്കുന്നതിനിടെ കുഞ്ഞിനു ജന്മം നൽകിയ ക്രിസ്റ്റീന സെലിസ് എന്ന യുവതിയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം.

ലോകഗായകരിൽ ശ്രദ്ധേയനായ സെദ്ദിന്റെ ലാസ് വേഗസിലെ സംഗീതപരിപാടിക്കിടെയാണ് ഒരു കുഞ്ഞു ജീവൻ ഭൂമിയിലേക്കു മിഴി തുറന്നത്.
ഗർഭകാലത്തിന്റെ ഏഴാം മാസത്തിലാണ് ക്രിസ്റ്റീന സെലിസ് പങ്കാളി ലണ്ടൻ ഗാർസിയയ്ക്കൊപ്പം തെക്കൻ കാലിഫോർണിയയിൽ നിന്നും ലാസ് വേഗസിൽ എത്തിയത്. ഇലക്ട്രിക്‌ ഡെയ്സി കാർണിവലിൽ ഇഷ്ടഗായകൻ സെദ്ദ് പാടുന്നതു ലൈവായി കാണാൻ വേണ്ടിയായിരുന്നു യാത്ര.

വേദിയിൽ സെദ്ദ് പാടികൊണ്ടിരിക്കവെ ക്രിസ്റ്റീനയ്ക്കു പ്രസവ വേദന ആരംഭിച്ചു. ഉടൻ തന്നെ ആംബുലൻസിൽ ക്രിസ്റ്റീനയെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്കു മാറ്റുകയും വൈകാതെ അവർ പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. ഇസബെല്ല ഡെയ്സി ഗാർസിയ എന്നാണ് ദമ്പതികൾ മകൾക്കു പേര് നൽകിയത്. ഇരുവരുടെയും ആദ്യ കുഞ്ഞാണിത്.

മാസം തികയാതെ പ്രസവിച്ചതിന്റെ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. സംഗീതലോകം മുഴുവൻ സ്നേഹത്തോടെ തങ്ങളുടെ മകളെ നോക്കുന്നതിന്റെ സന്തോഷത്തിലാണ് ക്രിസ്റ്റീനയും ഗാർസിയയും. പുതിയ മാതാപിതാക്കൾക്ക് ആശംസകൾ നേർന്ന് സെദ്ദും രംഗത്തെത്തി.

Advertisement