നവോദയ: മെഡിക്കൽ സർട്ടിഫിക്കറ്റിന് വിദ്യാർഥികൾ നെട്ടോട്ടത്തിൽ

പെരിയ (കാസർകോട്): നവോദയ വിദ്യാലയങ്ങളിൽ പുതുതായി പ്രവേശനം ലഭിച്ചവർക്കും നിലവിൽ പഠിക്കുന്നവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും നെട്ടോട്ടത്തിൽ. സർക്കാർ ആശുപത്രികളിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നീണ്ട ക്യൂവാണ്.

എക്കോകാർഡിയോഗ്രാം, അൾട്രാ സൗണ്ട് ഉദര പരിശോധന, നെഞ്ചിന്റെ എക്സ്റേ, സമഗ്ര രക്തപരിശോധനയ്ക്കായുള്ള ഹീമോഗ്രാം, ടിഎസ്എച്ച് (തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ) എന്നീ 5 പരിശോധനകളാണു നടത്തേണ്ടത്.

സർക്കാർ ആശുപത്രികളിൽ സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കുമ്പോൾ ഡോക്ടറുടെ ഫീസ് കൂടാതെ 2700 രൂപയോളമാണു ചെലവ്. സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതിപ്രകാരം 18 വയസ്സുവരെ സർക്കാർ ആശുപത്രികളിൽ പരിശോധനകൾ സൗജന്യമാണെങ്കിലും മിക്കയിടത്തും ഇതിൽ രണ്ടോ മൂന്നോ സേവനങ്ങളേ ലഭിക്കുന്നുള്ളൂ. ഹൃദയചികിത്സാ സംവിധാനമുള്ള സർക്കാർ ആശുപത്രികളിൽ നിശ്ചിത ദിവസങ്ങളിൽ മാത്രമാണ് എക്കോ പരിശോധന; അതും നിശ്ചിത എണ്ണം മാത്രം. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവരെ അടുത്ത ദിവസത്തെ തീയതി നൽകി തിരിച്ചയയ്ക്കുക വരെ ചെയ്യുന്നു.

നവോദയ സ്കൂളുകളിൽ മുൻവർഷങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിനുമാത്രമാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. വിദ്യാർഥിക്കു പൂർണ ആരോഗ്യമുണ്ടെന്നു സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയാൽ മതിയായിരുന്നുതാനും. ഇക്കൊല്ലമാകട്ടെ, ആറു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെല്ലാം അഞ്ച് ടെസ്റ്റുകൾ നടത്തി സർട്ടിഫിക്കറ്റ് നൽകണം.

Advertisement