വാളയാറില്‍ വരുന്നൂ 16 കോടിയുടെ ആനത്താര

പാലക്കാട് . കാട്ടാനകള്‍ക്ക് അവയുടെ ആവാസവ്യവസ്ഥക്ക് കോട്ടം വരാതെ സഞ്ചാര പാത നിര്‍മ്മിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.കേരള തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയായ വാളയാറിന് സമീപത്താണ് ഇന്ത്യന്‍ റെയില്‍വേ രണ്ട് അടിപ്പാതകള്‍ ആനകള്‍ക്കും മറ്റു വന്യമൃഗങ്ങള്‍ക്കും മാത്രമായി 16 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്നത്.


വാളയാറിനും ഒലവക്കോടിനും ഇടയില്‍ ബി ട്രാക്കില്‍ 7 ആനകളാണ് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ട്രെയിന്‍ തട്ടി ജീവനൊടുങ്ങിയത്.കാടിറങ്ങുന്ന കൊമ്പന്മാര്‍ പലപ്പോഴും ട്രെയിന്‍ പാളം മറികടന്ന് ജനവാസ മേഖലയില്‍ എത്തി വ്യാപകമായി കൃഷി നശിപ്പിക്കുകയും,പ്രദേശവാസികളെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് 16 കോടി രൂപ ചിലവില്‍ രണ്ട് ആന താരകള്‍ ഇന്ത്യന്‍ റെയില്‍വേ നിര്‍മ്മിക്കുന്നത്.ട്രെയിന്‍ പാളത്തിന് അടിയിലൂടെ പാലം പണിതാണ് ആനകള്‍ക്ക് വേണ്ടിയുള്ള സഞ്ചാരപാത ഒരുക്കുന്നത്. വാളയാറിനും നവകരയ്ക്കും ഇടയിലായാണ് പാത നിര്‍മ്മാണം പുരോഗമിക്കുന്നത്. പാതനിര്‍മ്മാണം പൂര്‍ത്തിയായാല്‍ ആനക്കൂട്ടങ്ങള്‍ക്ക് ട്രെയിനുകളെ പേടിക്കാതെ അടിപ്പാതകളിലൂടെ സ്വൈരവിഹാരം നടത്താം.

നിലവില്‍ ബി ട്രാക്കില്‍ വാളയാര്‍ ഭാഗത്ത് ട്രെയിനുകളുടെ വേഗത 20 കീമി ആണ് അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വേഗത കൂട്ടാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. മൂന്നുമാസം മുന്‍പ് ആരംഭിച്ച ഒന്നാം സഞ്ചാര പാതയുടെ നിര്‍മ്മാണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ കരുതുന്നത്. അതിനു പിന്നാലെ രണ്ടാം പാതയുടെ നിര്‍മ്മാണവും ആരംഭിക്കും.

Advertisement