പ്രധാനമന്ത്രി കേരളത്തിൽ; ഇന്ന് റോഡ് ഷോ; നാളെ ഉദ്ഘാടനങ്ങൾ

Advertisement

കൊച്ചി/തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകിട്ട് അഞ്ചിന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു താമസവും.

നാളെ രാവിലെ 9.25ന് കൊച്ചിയിൽനിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കും. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ കേരളത്തിൽ പൂർത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനവും നിർവഹിക്കും.

വന്ദേഭാരതിനു പുറമേ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൊച്ചുവേളി – തിരുവനന്തപുരം – നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയിൽവേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെർമിനൽ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം – ഷൊർണൂർ സെക്‌ഷനിലെ ട്രെയിൻ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. നവീകരിച്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ദിണ്ടിഗൽ – പളനി – പൊള്ളാച്ചി വൈദ്യുതീകരിച്ച റെയിൽ‍പാതയും നാടിനു സമർപ്പിക്കും. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഒരു മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാത്തിലെ സൂറത്തിലേക്കു പോകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേര് ഇല്ല. ഇന്നലെ വൈകിട്ടു കൊച്ചിയിലെത്തിയ ഗവർണർ ഇന്നു രാവിലെ തലസ്ഥാനത്തേക്ക് മടങ്ങും. റോഡ്ഷോ ഉൾപ്പെടെ കൊച്ചിയിലെ ചടങ്ങ് അനൗദ്യോഗികമാണെന്ന കാരണത്താലാണു ഗവർണർ മടങ്ങുന്നതെന്നു രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

∙ പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്തു തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ നാളെ രാവിലെ 8 മുതൽ 11 വരെ അടച്ചിടും. ഇവിടത്തെ ഷോപ്പിങ് കോംപ്ലക്സിലെ കടകളും ഓഫിസുകളും 11ന് ശേഷമാകും പ്രവർത്തിക്കുക. തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകൾ വികാസ് ഭവനിലേക്കു മാറ്റും.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ 1, 2 പ്ലാറ്റ്ഫോമിലേക്കു പോകുന്നതിനും ടിക്കറ്റ് വിതരണത്തിനും നിയന്ത്രണം ഏർപ്പെടുത്തും. റെയിൽവേ സ്റ്റേഷനു മുന്നിലെയും കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിലെയും ഓട്ടോ പാർക്കിങ്ങിനും നിയന്ത്രണം ഉണ്ടാകും.

Advertisement