ക്ഷേമപെന്‍ഷന്‍ തുക മുഴുവനായും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷന്‍ തുക മുഴുവനായും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി. 1,600 രൂപയാണ് പെന്‍ഷനെന്നിരിക്കെ 200 രൂപ കുറഞ്ഞ് 1,400 രൂപയാണ് പലര്‍ക്കും അക്കൗണ്ടിലെത്തുന്നത്. അതേസമയം കുറവു വന്ന തുക കേന്ദ്രവിഹിതമാണെന്നും വരുംദിവസങ്ങളില്‍ ലഭ്യമാകുമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രവിഹിതം നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കിത്തുടങ്ങിയതാണ് ഈ കുറവിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിവര്‍ഷം 11000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന് നല്‍കുമ്പോള്‍ കേന്ദ്രം നല്‍കേണ്ടത് 360 കോടി. രണ്ട് വര്‍ഷമായി ഈ തുക കുടിശികയാണെന്നാണ് ധനവകുപ്പ് പറയുന്നത്. കുടിശിക തീര്‍ത്ത് നല്‍കണമെന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വഴി പെന്‍ഷന്‍ വിഹിതം നല്‍കേണ്ടതില്ലെന്ന കേന്ദ്ര തീരുമാനം വന്നത്. പകരം കേന്ദ്ര വിഹിതം നേരിട്ട് പെന്‍ഷന്‍കാരുടെ അക്കൗണ്ടിലേക്ക് എത്തും. അരക്കോടി ആളുകള്‍ക്ക് നല്‍കുന്ന ക്ഷേമപെന്‍ഷന്‍ വലിയ കാര്യമായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നതിനിടെ കേന്ദ്രം നല്‍കുന്ന പണത്തിന്റെ ക്രെഡിറ്റ് കേരളം എടുക്കേണ്ടെന്ന രാഷ്ട്രീയ തീരുമാനമാണ് പരിഷ്‌കാരത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

Advertisement