ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങൾ പൊളിക്കാൻ സർക്കാർ നീക്കം


തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങൾ പൊളിച്ച്‌ മേൽപ്പാലം പണിയാനുള്ള സർക്കാർ നീക്കത്തിൽ സമരത്തിന് ഒരുങ്ങി പ്രദേശവാസികൾ.

സർക്കാർ തീരുമാനം എന്തായാലും പൈതൃക സ്വത്തായ അഗ്രഹാരങ്ങൾ പൊളിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. വിഷയത്തിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ഇടപെടൽ വേണമെന്നാണ് ഉയരുന്ന ആവശ്യം.

തിരുവനന്തപുരം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയിലാണ് അട്ടക്കുളങ്ങര മുതൽ അഴിക്കോട്ടവരെയുള്ള ഭാഗത്ത് ഫ്‌ളൈഓവർ പണിയാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ മറവിൽ പുരാവസ്തു വകുപ്പ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ അഗ്രഹാരങ്ങൾ പൊളിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആൻറണി രാജുവിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സമരസമിതി പ്രവർത്തകരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതിൽ പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് ശക്തമായ പ്രതിഷേധം ആരംഭിക്കാൻ നാട്ടുകാർ ആലോചിക്കുന്നത്.

സർക്കാർ നീക്കത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കേന്ദ്ര പുരാവസ്തു വകുപ്പിനെ സമീപിക്കാനാണ് അഗ്രഹാര വാസികളുടെ തീരുമാനം. ഇതിനൊപ്പം ബഹുജനങ്ങളെ പങ്കെടുപ്പിച്ച്‌ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്

Advertisement