നരബലി ; പത്മയുടെ സ്വർണം വീണ്ടെടുത്തു

Advertisement

കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പണയം വച്ച പത്മയുടെ സ്വർണം കണ്ടെടുത്തു. കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ ധനമിടപാടു സ്ഥാപനത്തിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.

39 ഗ്രാം സ്വർണം പണയംവച്ച് 1,10,000 രൂപ വായ്പ എടുത്തതായി ഷാഫി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഫിയെ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.

വീണ്ടെടുത്ത 32 ഗ്രാം സ്വർണം പത്മത്തിന്റേതാണെന്ന് മകനും സഹോദരിയും സ്ഥിരീകരിച്ചു. സ്വർണം പണയംവച്ച് ലഭിച്ച തുകയിൽ 40,000 രൂപ വീട്ടിൽ കൊടുത്തതായും ഷാഫി മൊഴി നൽകിയിരുന്നു. പണം ലഭിച്ചതായി ഷാഫിയുടെ ഭാര്യ നബീസ വ്യക്തമാക്കി. ‌വണ്ടി വിറ്റു കിട്ടിയതെന്നു പറഞ്ഞാണ് ഷാഫി പണം നൽകിയതെന്നു നബീസ വിശദീകരിച്ചിരുന്നു.

ഈ മൊഴികളുടെ തുടർച്ചയായാണ് ഗാന്ധിനഗറിൽ ഷാഫിയുടെ വീടിനോടു ചേർന്നുള്ള പണമിടപാടു സ്ഥാപനത്തിൽ പരിശോധന നടത്തിയത്. ഷാഫി മുൻപും പലപ്പോഴും ഇവിടെ സ്വർണം പണയം വയ്ക്കാൻ എത്തിയിരുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. പൊലീസ് സംഘം ഇക്കാര്യവും പരിശോധിക്കും.

ഷാഫിയുടെയും ഭഗവൽ സിങ്ങിന്റെയും വൈദ്യപരിശോധന കളമശേരി മെഡിക്കൽ കോളജിൽ പൂർത്തിയായി. ഫൊറൻസിക് വിഭാഗത്തിൽ എത്തിച്ച് ഇരുവരുടെയും ലൈംഗികശേഷിയും പരിശോധിച്ചു. ഷാഫിയുടെ വീട്ടിലും, പത്മയെ കാറിൽ കയറ്റിക്കൊണ്ടുപോയ സ്ഥലത്തും എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയാകാനുണ്ട്.

Advertisement