‘സിൽവർലൈൻ പദ്ധതി കർണാടകത്തിലേക്ക് നീട്ടണം’; സതേൺ സോണൽ കൗൺസിൽ യോഗത്തിൽ കേരളം

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ വിഷയം ഉയർത്തി കേരളം. സിൽവർലൈൻ പദ്ധതി കർണാടകത്തിലേക്ക് നീട്ടണമെന്നാണ് ആവശ്യമുന്നയിച്ചത്. തീരശോഷണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും സാമ്പത്തിക സഹകരണവും യോഗത്തിൽ ചർച്ചയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കോവളത്തെ ഹോട്ടൽ ലീല റാവിസിൽ രാവിലെ 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യോഗം ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചയായ യോഗത്തിൽ സിൽവർലൈൻ പദ്ധതി കേരളം ഉയർത്തിക്കാട്ടി. കാസർഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്ന ആവശ്യം കേരളം യോഗത്തിൽ മുന്നോട്ട് വച്ചു. തലശ്ശേരി – മൈസൂർ – നിലമ്പൂർ – നഞ്ചങ്കോട് റെയിൽപാത യാഥാർത്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫിഷിംഗ് ബോട്ടുകൾ തങ്ങളുടെ സമുദ്രാതിർത്തിയിലേക്ക് കടന്നുകയറുന്നതായി ലക്ഷദ്വീപ് ഭരണകൂടം പരാതിപ്പെട്ടു. തീരശോഷണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും കേന്ദ്ര – സംസ്ഥാന സാമ്പത്തിക ശാക്തീകരണവും യോഗത്തിൽ ചർച്ചയായി.

അതേസമയം ഔദ്യോഗിക പരിപാടികൾ കഴിഞ്ഞാലുടൻ വിവിധ പാർട്ടി പരിപാടികളും അമിത്ഷായുടെ സന്ദർശന പട്ടികയിലുണ്ട്. മൂന്നുമണിക്ക് കഴക്കൂട്ടം അൽസാജ് കൺവെൻഷണൽ സെന്ററിൽ നടക്കുന്ന പട്ടികജാതിസംഗമമാണ് പ്രധാനം. ബിജെപി സംസ്ഥാന നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചയുണ്ടാകും. രാത്രി എട്ടരയോടെ അമിത്ഷാ തിരിച്ചുപോകും.

Advertisement