215 ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളം നൽകിയില്ല; ദുബായിൽ കമ്പനി ഉടമയ്ക്ക് കോടികളുടെ പിഴ

ദുബായ്: ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയതിന് ദുബായിലെ കൺസ്‍ട്രക്ഷൻ കമ്പനി ഉടമയ്ക്ക് വൻതുക പിഴ ചുമത്തി കോടതി. 215 ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളമാണ് കമ്പനി കൊടുക്കാതിരുന്നത്. ഇതിന് 10.75 ലക്ഷം ദിർഹമാണ് (2.39 കോടിയിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തിയതെന്ന് ദുബായ് പ്രോസിക്യൂഷൻ ശനിയാഴ്ച അറിയിച്ചു.

ദുബായ് നാച്യുറലൈസേഷൻ ആന്റ് റെസിഡൻസി പ്രോസിക്യൂഷൻ വിഭാഗം കമ്പനി ഡയറക്ടർക്കെതിരെ കേസെടുത്ത് കോടതിയിലേക്ക് കൈമാറുകയായിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുത്തില്ലെന്ന കുറ്റമാണ് ചുമത്തിയത്. കമ്പനിയിലെ 215 ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളം കൊടുത്തില്ലെന്ന് പ്രോസിക്യൂഷന്റെ അന്വേഷണത്തിൽ കണ്ടെത്തി.

കമ്പനി ഡയറക്ടറെ ചോദ്യം ചെയ്‍തപ്പോൾ ശമ്പളം കൊടുത്തിട്ടില്ലെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. ചില സാമ്പത്തിക പ്രതിസന്ധികൾ കാരണം ശമ്പളം കൊടുക്കാൻ സാധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേസ് പരിഗണിച്ച കോടതി ശമ്പളം കിട്ടാതിരുന്ന ഓരോ ജീവനക്കാരനും 5000 ദിർഹം വീതം കണക്കാക്കി കമ്പനി ഉടമയ്ക്ക് പിഴ ചുമത്തുകയായിരുന്നു. ഇങ്ങനെ ആകെ 10.75 ലക്ഷം ദിർഹമാണ് കമ്പനി പിഴ അടയ്ക്കേണ്ടത്.

Advertisement