ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിലൊരു ദിവസം അവധി; നിയമം ലംഘിച്ചാൽ വൻ പിഴ

Advertisement

ദുബായ്: യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഫെഡറൽ നിയമം പ്രഖ്യാപിച്ച് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സെപ്റ്റംബർ ഒൻപതിന് അവതരിപ്പിച്ച ഈ നിയമം ഔദ്യോഗിക ഗസ്റ്ററിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. ഗാർഹിക തൊഴിലാളികളെ സംബന്ധിക്കുന്ന എല്ലാ മേഖലകളും പ്രതിപാദിക്കുന്നതാണ് പുതിയ നിയമത്തിലെ വകുപ്പുകൾ.

ഗാർഹിക തൊഴിലാളികൾ, തൊഴിലുടമകൾ, റിക്രൂട്ടിങ് ഏജന്റുമാർ എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരുടെയും അവകാശങ്ങൾ നിയമത്തിലൂടെ ഉറപ്പുവരുത്തും. തൊഴിൽ സമയം, പ്രതിവാര അവധി എന്നിങ്ങനെയുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കും ഊന്നൽ നൽകുന്നു. എല്ലാ ഗാർഹിക തൊഴിലാളികൾക്കും ആഴ്ചയിലൊരിക്കൽ ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് നിയമത്തിന്റെ എക്സിക്യൂട്ടീവ് നിർദേശങ്ങളിൽ പറയുന്നു.

തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് നിയമത്തിലെ 27-ാം വകുപ്പ് വിശദമായി പരാമർശിക്കുന്നുണ്ട്. നിയമവിരുദ്ധമായി യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിച്ചാൽ കുറഞ്ഞത് 50,000 ദിർഹമാണ് പിഴ. ഇത് പരമാവധി രണ്ട് ലക്ഷം ദിർഹം വരെയായി ഉയരും. ഗാർഹിക തൊഴിലാളികൾക്കായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റുകൾ ദുരുപയോഗം ചെയ്താലോ 18 വയസിൽ താഴെയുള്ള ആളിനെ ഗാർഹിക തൊഴിലാളിയായി നിയമിച്ചാലോ ഇതേ തുക പിഴ ലഭിക്കും.

തൊഴിലാളിക്ക് വർക്ക് പെർമിറ്റ് ലഭിക്കാതെ നിയമവിരുദ്ധമായി ജോലി ചെയ്യിക്കുക, ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുകയും പിന്നീട് അവർക്ക് ജോലി കൊടുക്കാതിരിക്കുകയും ചെയ്യുക, ഗാർഹിക തൊഴിലാളികളുടെ പേരിൽ ലഭിക്കുന്ന തൊഴിൽ പെർമിറ്റ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക, ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും തൊഴിലാളികൾക്ക് നൽകേണ്ട അവകാശങ്ങൾ നൽകാതെയും മറ്റ് നിയമനടപടികൾ പൂർത്തിയാക്കാതെയും റിക്രൂട്ടിങ് ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിക്കുക തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയിൽ വരും. ഇവയ്ക്കൊക്കെ രണ്ട് ലക്ഷം ദിർഹം വരെ പിഴ ചുമത്തും.

Advertisement