ഈ വർഷത്തെ സമാധാന നൊബേൽ ‘ഇറാൻ ജയിലിലേക്ക്’; പുരസ്കാരം നർഗിസ് മുഹമ്മദിക്ക്

ഓസ്‍ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗിസ് മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം.

ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്ന നർഗിസ് മുഹമ്മദി, ജയിലിൽ വച്ചാണ് പുരസ്കാര വാർത്ത അറിഞ്ഞത്.

മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ നർഗിസ്, മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗിസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.

‘ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നർഗിസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്കാര’മെന്ന്, നൊബേൽ പുരസ്കാര കമ്മിറ്റി ഓസ്‌ലോയിൽ അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂർണമായും മറച്ച് സ്ത്രീകൾ പൊതുവിടങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾക്കും എതിരെയാണ് നർഗിസിന്റെ പോരാട്ടമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള പുരസ്കാരം ഈ വർഷം നേടിയ മൂന്നു പേരിൽ നർഗിസുമുണ്ടായിരുന്നു. 1986ൽ കൊല്ലപ്പെട്ട കൊളംബിയൻ പത്രപ്രവർത്തകൻ ഗില്ലർമോ കാനോയുടെ സ്മരണാർഥം ലോക മാധ്യമസ്വാതന്ത്ര്യദിനമായ മേയ് 3ന് യുഎൻ നൽകുന്ന പുരസ്കാരമാണ്, ഈ വർഷം നർഗിസ് ഉൾപ്പെടെ ഇറാനിൽ തടവിലാക്കപ്പെട്ട 3 വനിതാ മാധ്യമപ്രവർത്തകർ പങ്കുവച്ചത്. നിലോഫർ ഹമദി, ഇലാഹി മുഹമ്മദി എന്നിവരാണ് നർഗിസിനൊപ്പം പുരസ്കാരം നേടിയത്.

Advertisement