സൗദിയില്‍ വ്യക്തി വിവരങ്ങള്‍ സമ്മതമില്ലാതെ പുറത്തുവിടുന്നത് ഇനി ക്രിമിനല്‍ കുറ്റം

Advertisement

സൗദി : സൗദിഅറേബ്യയില്‍ വ്യക്തി വിവരങ്ങള്‍ സമ്മതമില്ലാതെ പുറത്തുവിടുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. 2021ല്‍ മന്ത്രിസഭ അംഗീകരിച്ച നിയമമാണ് പ്രാബല്യത്തില്‍ വന്നത്.
വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ ശക്തമായ ശിക്ഷാനടപടി നേരിടേണ്ടി വരും.

2021 സെപ്റ്റംബറില്‍ സൗദി മന്ത്രിസഭ അംഗീകരിച്ച നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തിലായത് . വിവിധ ആവശ്യങ്ങള്‍ക്കായി ശേഖരിക്കുന്ന വ്യക്തികളുടെ സ്വകാര്യവിവരങ്ങളാണ് ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. വിവിധ ഇവന്റുകള്‍, സമ്മേളനങ്ങള്‍, പാര്‍ട്ടികള്‍ തുടങ്ങിയ പരിപാടികളിലും മറ്റും ശേഖരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങള്‍, വിഡിയോ, വ്യക്തിവിവരങ്ങളടങ്ങിയ ടെക്സ്റ്റുകള്‍ എന്നിവയെല്ലാം വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങളാണ്. ഇവ മറ്റുള്ളവര്‍ക്ക് കൈമാറുന്നതും പുറത്തുവിടുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും ശേഖരിക്കുന്ന വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍, ഫോട്ടോകള്‍, സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെയുള്ള വിഡിയോകള്‍, തുടങ്ങിയവ മറ്റുള്ളവര്‍ക്ക് കൈമാറുന്നതും ഈ ഗണത്തില്‍പ്പെടും. ആശുപത്രികളില്‍ നിന്ന് രോഗികളുടെ വിവരങ്ങള്‍ മരുന്ന് കമ്പനികള്‍ക്ക് കൈമാറുക, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ പകര്‍പ്പെടുക്കുക, ക്രെഡിറ്റ് വിവരങ്ങള്‍, എന്നിവയെല്ലാം ഡാറ്റ സംരക്ഷണ നിയമത്തിൻ്റെ ലംഘനങ്ങളാണ്. കനത്ത പിഴയുള്‍പ്പെടെയുള്ള ശിക്ഷയാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് ലഭിക്കുക.

Advertisement