‘ഇതാണ് രാജ്ഞി’; ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ ഒപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിച്ച യുവതിക്ക് പ്രശംസ!

ഒരു റസ്റ്റോറൻറിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ ഒപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിച്ച യുവതിയെ പ്രശംസകൾ കൊണ്ട് മൂടി സാമൂഹിക മാധ്യമ ഉപയോക്താക്കൾ. യുവതി ‘നിസ്വാർത്ഥയുടെ രാജ്ഞി’യാണെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ നരീക്ഷണം.

itsatrangimemer എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം നാല് ലക്ഷം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. ഏതാണ്ട് എട്ട് ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ” ‘ഒരു ദയയുള്ള ആംഗ്യം: പെൺകുട്ടിയുടെ ഔദാര്യത്തിൻറെ പ്രവൃത്തി റെസ്റ്റോറൻറിലെ ഹൃദയങ്ങളെ കുളിർപ്പിക്കുന്നു. ” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ കണ്ട പലരും ഭൂമിയിലെ നന്മകൾ അവസാനിച്ചിട്ടില്ലെന്നും നമ്മുടെ ലോകത്ത് ഇന്നും മനുഷ്യത്വം ഉണ്ടെന്നുള്ള വിശ്വാസത്തിൻറെ തെളിവാണ് പെൺകുട്ടിയെന്നും ആളുകൾ കുറിപ്പുകളെഴുതി.

ആഡംബരമൊന്നുമില്ലാതെ എന്തിന് കുടിക്കാനായി ഒരു കോള പോലുമില്ലാതെ ഒറ്റയ്ക്ക് ഒരു മേശയ്ക്ക് മുന്നിലിരുന്ന് ബർഗ്ഗർ തിന്നുകയായിരുന്നു യുവാവ്. തൊട്ടടുത്ത മേശയ്ക്ക് മുന്നിലിരിക്കുന്ന യുവതിയുടെ മുന്നിൽ ബർഗറും മറ്റ് ഭക്ഷണ പാനീയങ്ങളും ഇരിക്കുന്നത് കാണാം. യുവതി, അല്പ നേരം ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ ശ്രദ്ധിക്കുന്നു. പിന്നാലെ അദ്ദേഹത്തെ കൈ കൊട്ടി തൻറെ അടുത്തേക്ക് വിളിക്കുന്നു. തുടർന്ന് ഇയാൾ യുവതിയുടെ മുന്നിലെ കസേരയിൽ ഇരിക്കുമ്പോൾ യുവതി താൻ വാങ്ങിയ ബർഗർ അയാൾക്കായി നീട്ടുന്നു. സന്തോഷത്തോടെ ആ ബർഗർ വാങ്ങിയ യുവാവ്, താൻ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ബാഗിനുള്ളിലേക്ക് വയ്ക്കുകയും യുവതി നൽകിയ ബർഗർ കഴിച്ച് തുടങ്ങുകയും ചെയ്യുന്നു. തുടർന്ന് യുവാവ് മുകളിലെ സിസിടിവി ചൂണ്ടിക്കാണിക്കുമ്പോൾ യുവതി സിസിടിവി നോക്കി ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

“ഹേ രാജകുമാരി, നിങ്ങൾ നിങ്ങളുടെ കിരീടം ഉപേക്ഷിച്ചു, ദയവായി അത് എടുക്കുക.” എന്നായിരുന്നു വീഡിയോ കണ്ട ഒരു കാഴ്ചക്കാരനെഴുതിയത്. ഒപ്പം യുവതിയുടെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. മനുഷ്യർ തമ്മിലുണ്ടാകേണ്ട പരസ്പര വിശ്വാസത്തെ കുറിച്ചും പരസ്പര സ്നേഹത്തെ കുറിച്ചും പലരും വാചാലരായി. ചിലർ യുവതി നല്ലാരു പങ്കാളിയാണെന്ന് സൂചിപ്പിച്ചു. എന്നാൽ ഈ സംഭവം എവിടെ എപ്പോൾ നടന്നതെന്നോ ഇരുവരും ആരാണെന്നോ സൂചനകളില്ല.

Advertisement