സാരി ഉടുത്ത്, തലകുത്തി മറിഞ്ഞ് നെറ്റിസൺസിനെ വിസ്മയിപ്പിച്ച് യുവതി !

സാമൂഹിക മാധ്യമങ്ങൾ മനുഷ്യൻറെ ജീവിതത്തെ സ്വാധീനിച്ച് തുടങ അധികകാലമായിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ട് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെതായ ഒരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് മിക്ക സാമൂഹിക മാധ്യമ ഉപയോക്താക്കളും.

അതിനായി തങ്ങളുടെ കഴിവുകൾ അത് പാട്ടായും നൃത്തമായും മറ്റ് കലാവിരുതുകളായും മറ്റും ലോകത്തെ കാണിക്കാനും അതുവഴി സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെതായ ഒരു സ്വാധീന മേഖല സൃഷ്ടിക്കാനുള്ള ശ്രമത്തിലുമാണ് പലരും. ഇത്തരത്തിൽ ഒരു സാമൂഹിക മാധ്യമ സ്വാധീനമുള്ള ഒരു യുവതി കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ മറ്റ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ആരാധകരുള്ള ജയ്പൂർ സ്വദേശിയായ മിഷ ശർമ്മയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

കായികതാരമെന്നാണ് അവരുടെ ഇൻസ്റ്റാഗ്രാമിൽ കൊടുത്തിരിക്കുന്നത്. മിഷയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിറയെ കരണം മറിയുന്നതിൻറെ നിരവധി വീഡിയോകൾ കാണാം. അതിൽ തന്നെ ചുവന്ന സാരിയുടുത്ത് കൊണ്ട് മിഷ തലകുത്തി മറിയുന്ന വീഡിയോകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കറുത്ത സ്ലീവ്‌ലെസ് ബ്ലൗസിനൊപ്പം ചുവന്ന സാരിയുടുത്ത് കരണം മറിയുന്ന രണ്ട് വീഡിയോകളാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചത്. അതിൽ ഒരു വീഡിയോ രണ്ടര ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. രണ്ടാമത്തെ വീഡിയോ ഒരു ലക്ഷത്തിനടുത്ത് ആളുകൾ കണ്ടിട്ടുണ്ട്. ‘നിങ്ങൾ ഈ വീഡിയോ എവിടെ നിന്നാണ് കാണുന്നത്?’ എന്ന അടിക്കുറിപ്പോടെയാണ് മിഷ ശർമ്മ വീഡിയോ പങ്കുവച്ചത്. സാരിയുടുത്ത് മിഷ കരണം മറിയുമ്പോൾ ഇത്ര ലളിതമാണോ കരണം മറിച്ചിലെന്ന് കാഴ്ചക്കാരന് തോന്നാം. അത്രയ്ക്കും രസകരമായ രീതിയിലാണ് മിഷ തൻറെ കരണം മറിയുന്ന വീഡിയോകൾ ആരാധകർക്കായി പങ്കുവച്ചത്. നിരവധി പേർ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. മിക്കയാളുകളും വീഡിയോ ഗംഭീരമാണെന്ന് കുറിച്ചു.

Advertisement