73.5 കോടി ജനങ്ങള്‍ പട്ടിണിയില്‍; 2030 ലെ ഭക്ഷ്യ സുരക്ഷാ ലക്ഷ്യം ‘ഓഫ് ട്രാക്കി’ലെന്ന് യുഎന്‍

2022 ൽ ലോകമെമ്പാടുമായി 73.5 കോടി മനുഷ്യര്‍ പട്ടിണിയിലായിരുന്നെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇത് കൊവിഡ്-19 മഹാമാരിക്കും മുമ്പ് ലോകത്തുണ്ടായിരുന്ന പട്ടിണിക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.

ഇതോടെ 2030 ഓടെ ലോകത്തിന്‍റെ വിശപ്പ് അവസാനിപ്പിക്കാനുള്ള ആഗോള ലക്ഷ്യത്തിലേക്കുള്ള യാത്ര പാതി വഴിയില്‍ തടസപ്പെട്ടതായി ഐക്യരാഷ്ട്ര സഭ ബുധനാഴ്ച അറിയിച്ചു. മഹാമാരിയുടെ പിടിയില്‍ നിന്നും പല രാജ്യങ്ങളും സാമ്പത്തികമായി കരകയറിത്തുടങ്ങിയതിനാല്‍ കഴിഞ്ഞ വർഷത്തെ പട്ടിണി നിരക്കിനെ അപേക്ഷിച്ച് സൂചികയില്‍ അല്പം ഇടിവ് നേരിട്ടത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റിയയച്ചിരുന്ന യുക്രൈനെ, റഷ്യ യുദ്ധമുഖത്തേക്ക് വലിച്ചിഴച്ചതോടെ ആഗോളതലത്തില്‍ ഭക്ഷ്യ – ഊര്‍ജ്ജ വിലകളില്‍ സമ്മര്‍ദ്ദം നേരിട്ടെന്ന് ലോകത്തിലെ സുരക്ഷയും പോഷകാഹാരവും (SOFI) സംബന്ധിച്ച യുഎന്‍റെ വാർഷിക സ്റ്റേറ്റ് ഓഫ് ഫുഡ് റിപ്പോർട്ടിൽ പറയുന്നു. യു.എന്നിന്‍റെ കാർഷിക വികസനത്തിനുള്ള അന്താരാഷ്ട്ര ഫണ്ട്, കുട്ടികളുടെ ഫണ്ട്, ലോകാരോഗ്യ സംഘടന, വേൾഡ് ഫുഡ് പ്രോഗ്രാം, എഫ്എഒ എന്നിവ സംയുക്തമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

2019-നെ അപേക്ഷിച്ച് 2022-ൽ 12.2 കോടി ജനങ്ങള്‍ കൂടുതലായി പട്ടിണിയിലാണെന്നും 2030-ഓടെ പട്ടിണി അവസാനിപ്പിക്കാനുള്ള യു.എന്നിന്‍റെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും ലോകം ഏറെ “ദൂരെയാണ്” എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പകരം, 2030-ൽ 60 കോടി ആളുകൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട് പറയുന്നു. “വിശപ്പ് ഉയർന്ന തലത്തിൽ സ്ഥിരത കൈവരിക്കുന്നത് ഞങ്ങൾ കാണുന്നു. ഇത് മോശം പ്രവണതയാണ്.” യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്‍റെ ചീഫ് ഇക്കണോമിസ്റ്റ് മാക്സിമോ ടൊറെറോ കുള്ളൻ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സമീപ വർഷങ്ങളിലെ ആഗോള പട്ടിണിയുടെ പ്രധാന കാരണങ്ങള്‍ കാർഷിക ഉൽപാദനത്തെ ഭീഷണിപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ, പകർച്ചവ്യാധി മൂലം രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജീവനോപാധികളുടെ സംഘർഷം മൂലം കാര്‍ഷി ഉത്പാദനത്തിലുണ്ടാകുന്ന തടങ്ങള്‍ എന്നിവയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

തെക്കേ അമേരിക്കയും ഏഷ്യയിലെ മിക്ക പ്രദേശങ്ങളും ഉൾപ്പെടെ ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ പട്ടിണി കുറയുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ കരീബിയൻ, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ പട്ടിണി ഓരോ വര്‍ഷം കഴിയുന്തോറും വർധിച്ചുവരികയാണ്. ഈ പ്രവണത മാറ്റാൻ, പ്രാദേശിക ഭക്ഷ്യ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് രാജ്യങ്ങൾ പരസ്പരം മാനുഷിക സഹായം തേടണമെന്ന് അന്താരാഷ്ട്ര സഹായ ഗ്രൂപ്പായ മേഴ്‌സി കോർപ്‌സിന്‍റെ ഫുഡ് സിസ്റ്റംസ് ഡയറക്ടർ കെവിൻ മുഗെന്യ റോയിട്ടേഴ്‌സിനോട് പറഞ്ഞു. “ പ്രശ്നം മറികടക്കാന്‍ രാജ്യങ്ങൾക്ക് തദ്ദേശീയമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement