പരീക്ഷണ ലബോറട്ടറിയിൽ നിന്ന് രക്ഷപ്പെട്ട ചിമ്പാൻസി 26 വർഷത്തിന് ശേഷം ആദ്യമായി ആകാശം കാണുന്ന വീഡിയോ വൈറൽ

മനുഷ്യൻ സ്വന്തം വർഗ്ഗത്തിൻറെ രോഗപ്രതിരോധ ശേഷിക്കായും അമരത്വത്തിനായും നിരവധി പരീക്ഷണങ്ങളാണ് ലോകമെങ്ങുമുള്ള നിരവധി ലബോറട്ടറികളിൽ നടത്തുന്നത്. ഇതിനായി ചിമ്പാൻസികളിലും ഗിനി പന്നികളിലും നിരന്തരം പരീക്ഷണ നിരീക്ഷണങ്ങൾ നടക്കുന്നു. ഇത്തരം പരീക്ഷണങ്ങളിൽ വിജയം കാണുന്ന മരുന്നുകളാണ് പിന്നീട് ആരോഗ്യ വിപണിയിലേക്ക് എത്തുന്നത്. ഇത്തരം പരീക്ഷണങ്ങൾക്കായി പിടികൂടി ലബോറട്ടറികളിൽ എത്തിക്കുന്ന മൃഗങ്ങൾ സാധാരണയായി മരണത്തോട് കൂടി മാത്രയാണ് ലബോറട്ടറിക്ക് പുറത്തേക്ക് വരിക.

തൻറെ രണ്ടാം വയസ് മുതൽ ലബോറട്ടറിയിലെ അഞ്ച് അടി ചതുരശ്ര കൂട്ടിനുള്ളിൽ 26 വർഷത്തോളം അടച്ചിടപ്പെട്ട വാനില എന്ന ചിമ്പാൻസിയെ ആദ്യമായി രക്ഷപ്പെടുത്തിയപ്പോൾ അവളുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങൾ കണ്ടവരെല്ലാവരും വൈകാരികമായി. ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്‌സിലെ സേവ് ദി ചിംപ്‌സ് സങ്കേതത്തിൽ എത്തിയതിന് ശേഷമാണ് വാനില ആദ്യമായി ആകാശം കാണുന്നത്, 26 വർഷങ്ങൾക്ക് ശേഷം. വാനിലയുടെ സന്തോഷം സേവ് ദി ചിംപ്‌സിൻറെ പ്രൈമറ്റോളജിസ്റ്റ് ഡോ ആൻഡ്രൂ ഹലോറൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ട വൈകാരികമായ വീഡിയോയിൽ കാണാം.

തുറന്ന് വച്ച കൂടിൻറെ വാതിൽക്കൽ ഇരുന്ന് ആകാശത്തേക്ക് നോക്കുന്ന വാനിലയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ തൻറെ മുന്നിലേക്ക് എത്തിയ ആൺ ചിമ്പാൻസിയായ ഡ്വൈറ്റിനെ ആലിംഗനം ചെയ്ത് വാനില തൻറെ സന്തോഷം പ്രകടിപ്പിച്ചു. അപ്പോഴും അവൾ ആകാശത്തേക്ക് നോക്കി അത്ഭുതം കൊണ്ടു. വീഡിയോ പങ്കുവച്ച് കൊണ്ട് കാർലോസ് പെരെസ് ഇങ്ങനെ കുറിച്ചു, ‘ഹൃദയം കുളിർക്കുന്ന നിമിഷം വാനില ചിമ്പ്, 29, ജീവിതകാലം മുഴുവൻ കൂട്ടിലടച്ച ശേഷം ആദ്യമായി ആകാശം കാണുമ്പോൾ സന്തോഷത്താൽ പൊട്ടിത്തെറിക്കുന്നു.’ 1997-ൽ തൻറെ രണ്ടാമത്തെ വയസിലാണ് വാനിലയെ കാലിഫോർണിയയിലെ പരീക്ഷണ ലാബിലേക്ക് മാറ്റുന്നത്. അവിടെ വെറും അഞ്ച് അടി മാത്രമുള്ള ഇരുമ്പുകൂട്ടിലായിരുന്നു കഴിഞ്ഞ 26 വർഷവും അവൾ ജീവിച്ചത്. എന്നാൽ 2019 ൽ പ്രദേശത്ത് പടർന്ന് പിടിച്ച കാട്ടുതീ ലാബിൻറെ പ്രവർത്തനങ്ങളെ തടസപ്പെട്ടുത്തി. തുടർന്ന് കഴിഞ്ഞ വർഷം 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന സൺഷൈൻ സ്റ്റേറ്റ് ലൊക്കേഷനിലേക്ക് വാനിലയെയും മറ്റ് മൃഗങ്ങളെയും സേവ് ദി ചിംപ്‌സ് സാങ്ച്വറിയിൽ എത്തിച്ചു.

കാലിഫോർണിയയിലെ പഴയ പരീക്ഷണ ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വാനിലയുടെ പുതിയ ആവാസ വ്യവസ്ഥ വളരെ മികച്ചതാണെന്ന് സേവ് ദി ചിംപ്‌സിലെ പ്രൈമറ്റോളജിസ്റ്റ് ഡോ. ആൻഡ്രൂ ഹലോറൻ പറഞ്ഞു. മറ്റ് ചിമ്പാൻസികൾക്കൊപ്പം ദ്വീപ് ചുറ്റിക്കാണുന്ന തിരക്കിലാണ് അവളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വാനില വളരെ നന്നായി ജീവിക്കുന്നു. അവൾ അവളുടെ സുഹൃത്തുക്കളോടൊപ്പം ദ്വീപിലൂടെ ചുറ്റിയടിക്കാത്തപ്പോൾ, അവളുടെ പുതിയ ലോകത്തെ മുകളിൽ നിന്നം നോക്കിക്കാണുന്നതിനായി മൂന്ന് നിലകളുള്ള ക്ലൈംബിംഗ് പ്ലാറ്റ്‌ഫോമിൽ അവളെ കണ്ടെത്താം,” ഹലോറൻ പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്തു. വിദേശ വളർത്തുമൃഗങ്ങളുടെ വ്യാപാരം, റോഡരികിലെ മൃഗശാലകൾ, ലബോറട്ടറികൾ, വിനോദ മേഖലകൾ എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട പ്രൈമേറ്റുകൾക്ക് അഭയം നൽകുന്ന സംഘടനയാണ് സേവ് ദി ചിംപ്‌സ്. നിലവിൽ 226 ചിമ്പാൻസികളെ ഇവർ സംരക്ഷിക്കുന്നു.

Advertisement