‘എന്റെ അമ്മ മരിച്ചു’, ‘എനിക്ക് വിശക്കുന്നു’: ആ മക്കൾ രക്ഷാപ്രവർത്തകരോട് പറഞ്ഞത്

Advertisement

ബോഗട്ട (കൊളംബിയ): വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച്, 40 ദിവസം ആമസോൺ വനത്തിൽ കഴിഞ്ഞ നാലു കുട്ടികൾ ആദ്യമായി പറഞ്ഞ വാക്കുകൾ കേട്ട് കണ്ണീരോടെ രക്ഷാപ്രവർത്തകർ. ‘എന്റെ അമ്മ മരിച്ചു’, ‘എനിക്ക് വിശക്കുന്നു’ എന്നീ രണ്ടു കാര്യങ്ങളാണ് കുട്ടികൾ പറഞ്ഞതെന്നു രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

ഒരു മാസത്തിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനിടെ, കുട്ടികളെ കാട്ടിൽനിന്നു കണ്ടെത്തിയ ദൗത്യസംഘത്തിലെ അംഗങ്ങളാണ് ടിവി അഭിമുഖത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്. ‘‘കുട്ടികളിൽ ഏറ്റവും മൂത്തവളായ പതിമൂന്നുകാരി ലെസ്‌ലി, ഏറ്റവും ഇളയ അനിയനെയും കയ്യിലെടുത്ത് അരികിലേക്ക് ഓടിവന്നു. എനിക്ക് വിശക്കുന്നു എന്നാണ് അവളാദ്യം പറഞ്ഞത്. ഒരാൺകുട്ടി നിലത്ത് കിടക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ എഴുന്നേറ്റു. എന്റെ അമ്മ മരിച്ചു എന്നാണ് അവൻ പറഞ്ഞത്. കുട്ടികളെ പ്രചോദക വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം’’– രക്ഷാദൗത്യസേനാംഗം നിക്കോളാസ് ഒർഡനസ് ഗോമസ് പറഞ്ഞു.

മേയ് ഒന്നിന് അമ്മ മഗ്ദലീനയ്ക്കൊപ്പമായിരുന്നു നാല് കുട്ടികളുടെയും വിമാനയാത്ര. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പറന്നുയർന്ന സെസ്ന 206 എന്ന ചെറുവിമാനം കാകെറ്റ പ്രവിശ്യയിലെ ഉൾക്കാട്ടിൽ എൻജിൻ തകരാർ മൂലം തകർന്നു വീഴുകയായിരുന്നു. രണ്ടാഴ്ചത്തെ തിരച്ചിലിനുശേഷം മേയ് 15നാണു വിമാനം കണ്ടെത്തിയത്. അമ്മ മഗ്ദലീന, പൈലറ്റ്, ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തുണ്ടായിരുന്നു.

‘‘നമ്മൾ സുഹൃത്തുക്കളാണ്. നിങ്ങളുടെ കുടുംബം, അച്ഛനും അമ്മാവനും ആണ് ഞങ്ങളെ ഇങ്ങോട്ട് അയച്ചത്. നമ്മൾ ഇപ്പോൾ ഒരു കുടുംബമാണ്’’ എന്നെല്ലാം പറഞ്ഞാണു കുട്ടികളെ ചേർത്തു പിടിച്ചതെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. കപ്പപ്പൊടിയും കാട്ടുപഴങ്ങളും കഴിച്ചാണ് കുട്ടികൾ ജീവൻ നിലനിർത്തയതെന്നു കൊളംബിയൻ സൈനിക വക്താവ് അർനുൾഫോ സാഞ്ചെസ് പറഞ്ഞു. ‘‘പതിമൂന്നുകാരി ലെസ്‌ലിയാണ് ഈ കഥയിലെ ‘ഹീറോ’. അവൾ കരുത്തു കാട്ടി. ഇളയവർക്കു കരുതൽ നൽകി. കാടിനെക്കുറിച്ചു നല്ല ധാരണയുമുണ്ടായിരുന്നു’’– പ്രതിരോധമന്ത്രി ഇവാൻ വലെസ്കസ് ചൂണ്ടിക്കാട്ടി.

കുട്ടികൾ സുഖമായിരിക്കുന്നുവെന്ന് ബോഗട്ടയിലെ ആശുപത്രിയിൽ അവരെ കണ്ടശേഷം അച്ഛൻ മാനുവൽ റണോക്കും മുത്തച്ഛൻ ഫിഡെൻഷ്യോ വലെൻസിയയും അറിയിച്ചു. ‘ഓപ്പറേഷൻ ഹോപ്’ ദൗത്യസംഘത്തോടൊപ്പം കാട്ടിലെത്തിയശേഷം മേയ് 18ന് കാണാതായ വിൽസൺ എന്ന ബൽജിയൻ ഷെപ്പേഡ് നായയ്ക്കായി തിരച്ചിൽ തുടരുകയാണ്. നായ 3–4 ദിവസം ഒപ്പം ഉണ്ടായിരുന്നുവെന്നും അപ്പോൾ തന്നെ ഭക്ഷണമില്ലാതെ ക്ഷീണിച്ചിരുന്നെന്നും കുട്ടികൾ പറഞ്ഞു. മൂന്നു ദിവസം മു‍ൻപു വരെയും ദൗത്യസംഘം നായയെ കണ്ടെങ്കിലും അത് അടുത്തുവരാതെ മാറിപ്പോവുകയായിരുന്നു.

Advertisement