ശ്രീലങ്കയിൽ ഭക്ഷണം, മരുന്നുകൾ എന്നിവയ്ക്കായി സ്ത്രീകൾ വേശ്യാവൃത്തിയിലേക്ക് ; താൽക്കാലിക വേശ്യാലയങ്ങൾ വളരുന്നു

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക സ്ഥിതി അനുദിനം മോശമാവുകയാണ്. ആളുകൾ വീട്ടാവശ്യങ്ങൾക്ക് ബുദ്ധിമുട്ടുന്നു.
ഭക്ഷണവും മരുന്നും പോലും കിട്ടാക്കനിയായി.

ഇതുമൂലം വേശ്യാവൃത്തി ഇവിടെ അതിവേഗം വർധിച്ചു. വയറു നിറയ്ക്കാൻ ലൈംഗികത്തൊഴിലാളികളാകാൻ ഇവിടെ പല സ്ത്രീകളും നിർബന്ധിതരാകുന്നുവെന്നാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. ആയുർവേദിക് സ്പാ സെന്ററിന്റെ മറവിലാണ് ഇവിടെ ലൈംഗികത്തൊഴിലുകൾ നടക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഉപഭോക്താക്കൾക്കായി കർട്ടനുകളും കിടക്കകളും സ്ഥാപിച്ച്‌ ഈ സ്പാ കേന്ദ്രങ്ങൾ താൽക്കാലിക വേശ്യാലയങ്ങളാക്കി മാറ്റുകയാണെന്നും ലൈംഗിക വ്യവസായവുമായി ബന്ധപ്പെട്ട മിക്ക സ്ത്രീകളും ടെക്‌സ്‌റ്റൈൽ മേഖലയിൽ നിന്നാണ് വരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ടെക്സ്റ്റൈൽ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയന്ന് ബദൽ തൊഴിലായി വേശ്യാവൃത്തിയിലേക്ക് തിരിയുകയാണ്. ജനുവരി വരെ ജോലിയുണ്ടായിരുന്നുവെങ്കിലും പിന്നീട് രാജ്യത്തിന്റെ സാമ്പത്തിക തകർച്ച കാരണം വേശ്യാവൃത്തിയിലേക്ക് വരേണ്ടിവന്നു. ഇതുമൂലം ടെക്‌സ്‌റ്റൈൽ മേഖല മോശമാവുകയാണ്. ‘രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കാരണം ഞങ്ങൾക്ക് ജോലി നഷ്ടപ്പെടുമെന്ന് ഞങ്ങൾ മനസിലാക്കി, ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല പരിഹാരം ലൈംഗിക ജോലിയാണ്. പഴയ ജോലിയിൽ ഞങ്ങളുടെ പ്രതിമാസ ശമ്പളം ഏകദേശം 28,000 രൂപയാണ്, പരമാവധി തുക 35,000യാണ്. എന്നാൽ സെക്സ് ജോലിയിൽ ഏർപെടുന്നതിലൂടെ പ്രതിദിനം 15000 രൂപയിലധികം ലഭിക്കുന്നു. എല്ലാവരും എന്നോട് യോജിക്കില്ല, പക്ഷേ ഇതാണ് സത്യം’, ഒരു ലൈംഗികത്തൊഴിലാളിയെ ഉദ്ധരിച്ച്‌ ശ്രീലങ്കൻ ദിനപത്രമായ ദി മോർണിംഗ് റിപ്പോർട്ട് ചെയ്തു.

ഈ വർഷം ജനുവരി മുതൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ലൈംഗികവൃത്തിയിൽ ചേരുന്ന സ്ത്രീകളുടെ എണ്ണത്തിൽ 30 ശതമാനം വർധനവ് ഉണ്ടായതായി യുകെയിലെ ടെലിഗ്രാഫ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ലൈംഗികത്തൊഴിലാളികൾക്കായുള്ള ശ്രീലങ്കയിലെ പ്രമുഖ അഭിഭാഷക ഗ്രൂപായ സ്റ്റാൻഡ് അപ് മൂവ്മെന്റ് ലങ്കയും (SUML) ഈ കണക്കുകൾ സാധൂകരിക്കുന്നു. ‘വളരെ വേഗത്തിൽ പണം വാഗ്ദാനം ചെയ്യുന്ന ശ്രീലങ്കയിൽ അവശേഷിക്കുന്ന ചുരുക്കം ചില തൊഴിലുകളിൽ ഒന്നാണ് ലൈംഗിക ജോലിയെന്ന് എസ്യുഎംഎൽ എക്‌സിക്യൂടീവ് ഡയറക്ടർ ആശില ദണ്ഡേനിയ പറഞ്ഞു.

ടെക്സ്റ്റൈൽ വ്യവസായത്തിലെ വേതനത്തെ സാരമായി ബാധിച്ചിരിക്കുന്ന ഉയർന്ന പണപ്പെരുപ്പ നിരക്കാണ് ലൈംഗിക വ്യാപാരത്തിലേക്കുള്ള മാറ്റത്തിന്റെ പ്രധാന കാരണം. ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ രൂക്ഷമായ ക്ഷാമവും ഈ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്നു. അവശ്യസാധനങ്ങളുടെ രൂക്ഷമായ ദൗർലഭ്യം കാരണം, ഭക്ഷണത്തിനും മരുന്നുകൾക്കുമായി സ്ത്രീകൾ പ്രാദേശിക കടയുടമകളുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിതരാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജോലിയില്ലാതെ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ, വിദ്യാഭ്യാസ വിദഗ്ധർ മുതൽ മാഫിയ അംഗങ്ങൾ വരെയുള്ള ഇടപാടുകാരുടെ നിർബന്ധത്തിന് വഴങ്ങി സ്ത്രീകൾ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപെടാൻ നിർബന്ധിതരാകുന്നതായാണ് വിവരം.

Advertisement