പാരീസ്: ലോകത്ത് ആദ്യമായി മനുഷ്യനിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഫ്രാൻസിലെ ലിയോണിൽ രോഗം സ്ഥിരീകരിച്ചയാൾ മരിച്ചതായും വിവരമുണ്ട്. സാധാരണയായി കന്നുകാലികളിൽ കാണപ്പെടുന്ന വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ആഫ്രിക്കയിലും ഏഷ്യയിലും കന്നുകാലികളിൽ ഈ വൈറസ് വ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും മനുഷ്യരിൽ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
നിലവിൽ പൊതുജനങ്ങൾക്ക് അപകടസാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കിഴക്കൻ ഫ്രാൻസിലാണ് മനുഷ്യനിൽ രോഗബാധ കണ്ടെത്തിയത്. ഓസ്ട്രിയ, ബെൽജിയം, അയർലൻഡ്, ഇറ്റലി, ലിച്ചെൻസ്റ്റൈൻ, ലക്സംബർഗ്, നെതർലൻഡ്സ്, പോർച്ചുഗൽ, സ്ലൊവേനിയ, സ്പെയിൻ, യുകെയുടെ ജേഴ്സി എന്നിവിടങ്ങളിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ രാജ്യങ്ങളിൽ മൃഗങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.



























