യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമോ,വാര്‍ത്തയ്ക്കുപിന്നില്‍

മുംബൈ: യുപിഐ ഇടപാടുകള്‍ക്ക് ഭാവിയില്‍ ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലീപ് അസ്ബെ.

യുപിഐ അധിഷ്ഠിത ഇടപാടുകള്‍ക്ക് വലിയ വ്യാപാരികളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനകം ഇത് പ്രാബല്യത്തില്‍ വന്നേക്കുമെന്നും ദിലീപ് അസ്ബെ കൂട്ടിച്ചേര്‍ത്തു.

അടുത്തകാലത്തായി യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുമെന്ന തരത്തില്‍ പ്രചരണം ശക്തമാണ്. അതിനിടെയാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി തന്നെ ചില സൂചനകള്‍ നല്‍കിയത്.
‘ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍, ചെറുകിട വ്യാപാരികളല്ല, വലിയ വ്യാപാരികള്‍ക്ക് ന്യായമായ നിരക്ക് വരും. ഇത് എപ്പോള്‍ വരുമെന്ന് എനിക്കറിയില്ല, ഇത് ഒരു വര്‍ഷമോ, രണ്ട് വര്‍ഷമോ, മൂന്ന് വര്‍ഷമോ ആകാം’- ദിലീപ് അസ്ബെ പറഞ്ഞു. മുംബൈയില്‍ ബോംബെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സൊസൈറ്റി (ബിസിഎഎസ്) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ് അസ്ബെ.

വരും കാലങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്കായി ഒട്ടേറെ പണം ആവശ്യമായി വരും. കൂടുതല്‍ ഉപയോക്താക്കള്‍ യുപിഐ ഇടപാടുകള്‍ ഉപയോഗിച്ച് തുടങ്ങുമ്‌ബോഴും ക്യാഷ്ബാക്ക് പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കുമ്‌ബോഴും പണം ആവശ്യമായി വരും.ദീര്‍ഘകാല സാഹചര്യത്തില്‍ ന്യായമായ ഒരു ചാര്‍ജ് വലിയ വ്യാപാരികളില്‍ നിന്ന് ഈടാക്കേണ്ടി വരും. ചെറിയ വ്യാപാരികള്‍ക്ക് ഇത് ബാധകമല്ല. പക്ഷേ ഇത് എന്നു മുതല്‍ വരുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement