ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ഒരു വര്‍ഷത്തോളം നീണ്ട ആസൂത്രണം

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ ഒരു വര്‍ഷത്തോളം നീണ്ട ആസൂത്രണം നടത്തിയിരുന്നതായി എഡിജിപി എംആര്‍ അജിത് കുമാര്‍. സംഭവദിവസം തന്നെ കേസില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചിരുന്നതായും പ്രതിയുടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇടയാക്കിയതെന്നും അജിത് കുമാര്‍ പറഞ്ഞു. കേസില്‍ നിര്‍ണായകമായത് അനിത കുമാരിയുടെ ശബ്ദരേഖയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിന്റെ ആദ്യഘട്ടത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നതായിരുന്നു പോലീസിന്റെ ആദ്യത്തെ ലക്ഷ്യം. ആദ്യദിവസം കിട്ടിയ തുമ്പില്‍ നിന്നാണ് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞത്. അന്നു തന്നെ പ്രതി കൊല്ലം ജില്ലയില്‍ നിന്നുള്ള ആളാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പൊതുജനങ്ങളില്‍ നിന്ന് കിട്ടിയ വിവരങ്ങളും സഹായകരമായി. വളരെ ആസൂത്രണം ചെയ്താണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അനാവശ്യ സമ്മര്‍ദം മാധ്യമങ്ങളില്‍ നിന്നുണ്ടായെങ്കിലും വളരെ പ്രൊഫഷണലായാണ് പോലീസ് അന്വേഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisement