വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കെന്ന് ആരു പറഞ്ഞു, വന്നത് കൂട്ടം കൂട്ടമായി

 തിരുവനന്തപുരം. മൂന്നു പതിറ്റാണ്ടിനുശേഷവും നാഗവല്ലിയെ ബന്ധിക്കാന്‍ ആയിട്ടില്ല.   മണിച്ചിത്രത്താഴ് തിയേറ്ററിൽ എത്തിയപ്പോൾ  ഒഴുകിയെത്തിയത് ആയിരങ്ങൾ. കേരളീയത്തിന്റെ ഭാഗമായി കൈരളി തിയേറ്ററിലാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കിയത്.

പെരുമഴയിലും ഒഡേസ പടവുകൾ കടന്ന് റോഡിലേക്ക് നീണ്ട ക്യൂ..  ഇതൊന്നും  വകവയ്ക്കാതെ, കൈരളി തീയേറ്ററിന് മുന്നിൽ മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് കാണാൻ സിനിമ പ്രേമികൾ തടിച്ചു കൂടി. അതിലേറെയും മണിച്ചിത്രത്താഴ് റിലീസ് ചെയ്തതിനു ശേഷം  ജനിച്ചവർ. നാഗവല്ലിയെയും സണ്ണിയെയും നകുലനെയും  ബിഗ് സ്ക്രീനില്‍  കാണുന്നതിന്റെ  സന്തോഷം അവർ മറച്ചുവെക്കുന്നില്ല. പരേതരായ ഒരുപിടി കരുത്തുറ്റ താരങ്ങള്‍ തിലകന്‍, കെപിഎസി ലളിത, ഇന്നസെന്‍റ്, നെടുമുടി , കുതിരവട്ടം പപ്പു അങ്ങനെ എത്ര പേര്‍. അകാലത്തില്‍ വിട്ടുപോയ സംവിധായകന്‍ സിദ്ദിഖ് പ്ളാന്‍ ചെയ്ത തുടക്കത്തിലെ ഇന്നസെന്‍റിന്‍റെ ഏകാംഗാഭിനയം. പുതുതലമുറ മറ്റുഭാഷകളില്‍ വന്ന താഴുകളും പൊളിച്ചു കണ്ടവരാണ്. അവര്‍ക്ക് ഇതു വിലയിരുത്തലിന്‍റെ സമയവുമാണ്. സിനിമ ഇതിലും എത്രയോ മികവുറ്റതാക്കാമായിരുന്നുവെന്ന് തര്‍ക്കിക്കുന്ന പുതുതലമുറ സിനിമാ പഠനക്കാര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ എത്ര രംഗങ്ങള്‍.

നാഗവല്ലിയെ ബന്ധിച്ച തെക്കിനി,  തെക്കിനി പൂട്ടിയ മണിച്ചിത്രത്താഴ്… തിയറ്ററിൽ ആരവത്തിന് വേറെന്തുവേണം. പഴയ തലമുറ കണ്ടപോലെ നെഞ്ചിടിപ്പോടെയല്ല പുതുതലമുറ കാണുന്നതെന്ന വ്യത്യാസവുമുണ്ട്. പലപ്പോഴും സീരിയസ് രംഗങ്ങള്‍ കോമഡിയിലേക്കു പോകുംപോലെയായതിന് മിമിക്രിക്കാരെയും ട്രോളന്മാരെയും പറഞ്ഞാല്‍ മതി. അല്ലിക്ക് ആഭരണമെടുക്കാന്‍ എന്താ പോയാല്.., എന്നു ചോദിക്കുമ്പോഴും സാക്ഷാല്‍ രാവണന്‍ പത്തുതലയാ ഇവന്, ശ്രീദേവിയെ പൂട്ടിഇടണം എന്നുമൊക്കെ പറയുമ്പോള്‍ ചിരിപൊങ്ങുന്നുണ്ട്. എന്നാല്‍ തമാശ രംഗങ്ങള്‍ക്ക് അതില്ലെന്നുമറിയണം.

ആദ്യം കൈരളിയിൽ ഒരു ഷോ മാത്രമാണ് നിശ്ചയിച്ചിരുന്നത്.  ജനത്തിരക്ക് കാരണം ശ്രീയിലും , കൈരളിയുമായി മൂന്ന് ഷോകൾ കൂടി അധികം നടത്തി. അതും ഹൗസ് ഫുൾ. നാഗവല്ലിയെ ബന്ധിക്കാനാവില്ലെന്നത് മാത്രമല്ല നിരീക്ഷകര്‍ തിരിച്ചറിഞ്ഞറിഞ്ഞത്. കഥയില്ലാത്ത പുതു തലമുറ സിനിമകളെടുക്കുന്നവര്‍ കാണട്ടെ, പല പഴയ ചിത്രങ്ങളും ഇക്കാലം നിറഞ്ഞ സദസില്‍ ഓടും.

Advertisement