കൊട്ടാരക്കരയിൽ എടിഎം കൗണ്ടറിൽ പണം നിറയ്ക്കാനായി കൊണ്ടുപോകവേ  ഏജൻ്റിനെ ആക്രമിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു

കുന്നിക്കോട്:  സ്വകാര്യ എ ടി എം കൗണ്ടറിൽ പണം നിറയ്ക്കാനായി കൊണ്ടുപോകവേ  ഏജൻ്റിനെ ആക്രമിച്ച് പണം കവർന്ന മൂന്ന് പേര്‍ പോലീസിന്‍റെ  പിടിയിൽ. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ബിനീഷ് ഭവനിൽ ബിനിഷ് ബഷീര്‍  (43) , മുസ്ലിം സ്ട്രീറ്റ് ചരുവിള വീട്ടിൽ മുബാറക് (28) , സഹോദരൻ മുജീബ് (30) എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ എസ് പി ഡി. വിജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കവർന്നെടുത്ത പതിമൂന്നര ലക്ഷം രൂപ മുഖ്യ പ്രതി ബീനീഷിൻ്റെ വീട്ടിൽ നിന്ന്  പോലിസ് കണ്ടത്തി. മെയ് 26 ന് അന്തമൺ വിരുത്തി – പട്ടാഴി റോഡിൽ വൈകിട്ട് എഴ് മണിക്കായിരുന്നു സംഭവം. പോലിസ് പറയുന്നത് ഇങ്ങനെ :  ഇന്ത്യാ ഓൺ പെയ്മെൻ്റ് എന്ന സ്വകാര്യ എ ടി എം കൗണ്ടറിൽ പണം നിറയ്ക്കുന്ന ജോലിയാണ് മൈലം അന്തമൺ കളപ്പിലാ തെക്കേതിൽ ഗോകുൽ (25) എന്ന യുവാവിന്. 26 ന് ഇയാളുടെ ഏജൻസി ഉടമ 62 ലക്ഷം രൂപ വിവിധ എ ടി എം കൗണ്ടറിൽ നിറയ്ക്കാനായി കൊട്ടാരക്കര എസ് ബി ഐ ബ്രാഞ്ചിൽ നിന്ന് വൈയ്ക്കിട്ട് 4.20ന് ഗോകുലിന് കൈമാറി. പുത്തൂർ, കോട്ടാത്തല ,കീരിക്കൽ ,പൂവറ്റൂർ ,കലയപുരം ,പുത്തൂർ മുക്ക് കൗണ്ടറുകളിൽ പണം നിറച്ച ശേഷം പട്ടാഴിയിലേക്ക് വരുമ്പോഴാണ് അമിത വേഗതയിൽ വന്ന സ്കോർപ്പിയോ കാർ  ഉപയോഗിച്ച് ഗോകുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് മൂവര്‍ സംഘം  ഇടിച്ച് കയറ്റിയത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ഗോകുലിനെ  ആക്രമിക്കാൻ ശ്രമിക്കവേ ഗോകുൽ നിലവിളിച്ച് സമീപത്തെ വീട്ടിൽ അഭയം തേടി. ഇതിനിടെ സ്കൂട്ടറിൽ  പണം അടങ്ങിയ ബാഗും കവർന്നെടുത്ത് ഇവര്‍ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ ഗോകുൽ രാത്രിയിൽ തന്നെ കുന്നിക്കോട്  പോലിസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ കവർച്ചാ സംഘം തട്ടിയെടുത്ത ബാഗ് ഉപേക്ഷിച്ച നിലയിൽ റോഡ് വശത്ത്  നിന്ന് പോലീസ് കണ്ടെത്തി. നിരവധി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടന്ന പരിശോധനയിൽ കവർച്ചാ സംഘം ഉപയോഗിച്ച  സ്കോർപ്പിയോ കാർ വ്യാജ നമ്പർ പതിപ്പിച്ചതാണെന്ന് തിരിച്ചറിഞ്ഞു. എറണാകുളം , പത്തനംതിട്ട , കൊല്ലം എന്നീ ജില്ലകൾ  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘാംഗങ്ങളെ തിരിച്ചറിയുകയായിരുന്നു. സൂചനകൾ ഒന്നും പുറത്ത് നൽകാതെ പോലിസ് നിരിക്ഷണത്തിലായ പ്രതികളെ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. കവർച്ചയ്ക്ക് നേതൃത്വം നൽകിയ സൂത്രധാരൻ ബിനീഷ് ബഷീർ എ ടി എം കൗണ്ടറിൽ പണം നിറയ്ക്കുന്ന ജോലി ചെയ്യുന്നയാളാണ്. ഇയാൾ എഗ്രിമെൻ്റ് ചെയ്ത വസ്തു ഇടപാടിൽ പണം നൽകാനായിട്ടാണ് കവർച്ച പ്ലാൻ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ബിനീഷ് പറഞ്ഞു . സംഘാംഗങ്ങൾ ഉപയോഗിച്ച കാറിൻ്റെ വ്യാജ നമ്പർ നിർമ്മിച്ച കടയുടമയെ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടക്കുന്നുണ്ട്. കുന്നിക്കോട് സ്റ്റേഷന്‍ ഓഫീസര്‍ എം. അൻവർ, ഗംഗാപ്രസാദ് , അഖിൽ , ബാബുരാജ് , ബിനു ,രാജേഷ് , ഗോപകുമാർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Advertisement