Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ

പത്രം മലയാള ദിനപത്രങ്ങളിലൂടെ

Advertisement

*പത്രം*
2026 | ഏപ്രില്‍ 23, വ്യാഴം
1201 | മേടം 10, പുണര്‍തം

വാർത്തകൾ തയ്യാറാക്കിയത് :
രജനീഷ് മൈനാഗപ്പള്ളി, സഞ്ജയ്‌ പണിക്കർ, നിഷ തടത്തിൽ


മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കേ, രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ലഭിച്ച 10 മൃതദേഹങ്ങളില്‍ ഒമ്പതെണ്ണം തിരിച്ചറിഞ്ഞു. നൂറ്റമ്പതോളം ശരീരഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. വെടിക്കെട്ടുപുരകളില്‍ 34 പേരാണുണ്ടായിരുന്നത്. ഇന്നലെ പട്ടാമ്പി കോടിക്കുന്നുപറമ്പില്‍ പ്രവീണ്‍ (45) ആണ് മരിച്ചത്. മരിച്ച മറ്റുള്ളവര്‍: പഴയന്നൂര്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ സുവിന്‍ (39), ആലംകോട് മണികണ്ഠന്‍ (60), പെരിന്തല്‍മണ്ണ സുബ്രഹ്‌മണ്യന്‍ (50), തൃശൂര്‍ കോട്ടപ്പുറം മണികണ്ഠന്‍ (33), തവന്നൂര്‍ വിജയന്‍ (60), പെരിന്തല്‍മണ്ണ സുബ്രഹ്‌മണ്യന്‍ (60).

അമേരിക്ക ഉപരോധം നീക്കാത്തതിനു തിരിച്ചടിയായി ഹോര്‍മൂസ് പിടിച്ചെടുത്ത് ഇറാന്‍

അമേരിക്ക ഉപരോധം നീക്കാത്തതിനു തിരിച്ചടിയായി ഹോര്‍മൂസ് പ്രദേശത്തെ കപ്പലുകളെ ആക്രമിച്ച് ഇറാന്‍. ഒമാന്‍, ഇറാന്‍ തീരങ്ങളോടു ചേര്‍ന്ന് രണ്ടു കപ്പലുകളെ ആക്രമിച്ചു. അമേരിക്കന്‍ – ഇസ്രയേല്‍ ബന്ധമുള്ള എം എസ് സി ഫ്രാന്‍സിസ്‌ക, എപാമിനോഡസ് എന്നീ കപ്പലുകളാണ് പിടിച്ചെടുത്തതെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ ആക്രമിച്ചതില്‍ ഒരു കപ്പല്‍ ദുബായില്‍നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. ഇറാന്റെ കപ്പല്‍ അമേരിക്ക പിടിച്ചെടുത്ത സംഭവത്തില്‍ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്നു വോട്ടെടുപ്പ്

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്നു വോട്ടെടുപ്പ്. ബംഗാളില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പാണ്. തമിഴ്നാട്ടില്‍ വോട്ടിന് പണമൊഴുക്കുന്നതിനെ ചൊല്ലി വ്യാപകമായ പരാതികള്‍ ഉയര്‍ന്നു.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസവുമായി ലുലു ഗ്രൂപ്പ്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. അപകടത്തില്‍ മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കും മറ്റുമായി അരലക്ഷം രൂപ വീതവും സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടി.എസ് കല്യാണരാമന്‍ അറിയിച്ചു.

വെടിക്കെട്ടുപുരയില്‍ ജോലിക്കു പോയ ആളെ കാണാനില്ല

വെടിക്കെട്ടുപുരയില്‍ ജോലിക്കു പോയ ആള്‍ ഇതുവരെ മടങ്ങിയെത്തിയില്ലെന്ന് കാണാതായ അഭിജിത്തിന്റെ സഹോദരന്‍ അഞ്ചല്‍. ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിട്ടുണ്ട്. തന്റെ ഡി എന്‍ എ സാമ്പിളുകളും നല്‍കിയെന്ന് അഞ്ചല്‍ പറഞ്ഞു. അഭിജിത്തിന്റെ അച്ഛനും വെടിക്കെട്ട് നിര്‍മ്മാണ തൊഴിലാളിയായിരുന്നു.

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്തണമെന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ദുഃഖാചാരണം ഇന്നത്തോടെ അവസാനിപ്പിച്ച് നാളെ മുതല്‍ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തണമെന്ന് ഇന്നു രാവിലെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു.

മതാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിന് പൊതു മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിക്കാനാകില്ല

മതാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിന് പൊതു മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ വാദം കേള്‍ക്കലിനിടെയാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ ആചാരങ്ങളില്‍ സര്‍ക്കാരിന് എപ്പോള്‍ ഇടപെടാമെന്നതില്‍ മുന്‍കൂട്ടി കോടതികള്‍ നിര്‍ദ്ദേശങ്ങളുണ്ടാക്കുന്നത് പ്രായോഗികമല്ലെന്നു ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയില്‍

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നും നടപടി ആവശ്യപ്പെട്ടും കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ സുപ്രീം കോടതിയെ സമീപിച്ചു.

പോസ്റ്റല്‍ ബാലറ്റ് ഇനി അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ട്രോംങ് റൂമുകള്‍ സീല്‍ ചെയ്തതിനാല്‍ ഇനി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഹര്‍ജിക്കുള്ള മറുപടിയിലാണ് ഈ നിലപാട്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയവരില്‍ രണ്ടുപേര്‍ കൃത്യമായ ഫോമുകള്‍ നല്‍കിയിട്ടില്ലെന്നും ഒരാള്‍ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റിയിട്ടില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞു.

കോഴിക്കോട് എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍. ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍, പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ പന്തിരിക്കര സ്വദേശി കാമ്യക റീജു എന്നിവര്‍ പിടിയിലായത്. 108 ഗ്രാം എംഡിഎംഎയാണ് കസ്റ്റഡിയിലെടുത്തത്.

വിമാനയാത്രയിലെ പ്രതിസന്ധി: കേന്ദ്ര മന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

വിമാനയാത്രയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ചരപു രാംമോഹന്‍ നായിഡുവിന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ നാശം തുടങ്ങുമെന്ന് എം സ്വരാജ്

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ നാശം തുടങ്ങുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കോണ്‍ഗ്രസിന്റെ ഒരു കൈ ആര്‍ എസ് എസിന്റെ ചുമലിലും മറുകൈ ജമാഅത്തെ ഇസ്ലാമിയുടെ ചുമലിലുമാണെന്നും എം സ്വരാജ് ആരോപിച്ചു.

വടകര ബി.ജെ.പിയില്‍ വിമതരുടെ ശക്തി പ്രകടനം

അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ ഒന്‍പത് നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമികംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വടകര ബി.ജെ.പിയിലെ വിമതര്‍ ശക്തി പ്രകടനം നടത്തി. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്റ കോലം കത്തിച്ചു. അടക്കാതെരുവിലെ ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇരുവിഭാഗവും തമ്മില്‍ കൂട്ടത്തല്ലും നടന്നു.

ഉത്സവങ്ങളില്‍ പടക്കങ്ങള്‍ നിരോധിക്കണമെന്ന് ഐഎംഎ

ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങള്‍ നിരോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം നടന്ന് 15 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ഐഎംഎ ആവശ്യം ഉന്നയിച്ചത്.

വാല്‍പ്പാറ അപകടം: ഡ്രൈവറെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റും

വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ മുഹമ്മദ് ഫായിസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. വൈകിട്ടോടെയാണ് ആശുപത്രിയില്‍ എത്തുക. കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിത്സിച്ചിരുന്നത്. നിലവില്‍ ഫായിസിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

സംവിധായകന്‍ എം എ നിഷാദിന്റെ ആവശ്യം

ഇസ്ലാമിലേക്ക് മതം മാറിയാല്‍ പ്രശസ്ത നടിക്ക് 100 കോടി രൂപ നല്‍കാമെന്ന് ഓഫര്‍ ഉണ്ടായിരുന്നെന്ന് ആരോപിച്ച സംവിധായകനും വിഎച്ച്പി നേതാവുമായ വിജി തമ്പി നടിയുടെ പേരു വെളിപെടുത്തണമെന്നു സംവിധായകന്‍ എം എ നിഷാദ് ആവശ്യപ്പെട്ടു.

ലഹരി കച്ചവടം അറിയിച്ചതിന് 22കാരനെ കൊലപ്പെടുത്താന്‍ ശ്രമം

വീട്ടില്‍ ലഹരി കച്ചവടം നടക്കുന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് 22കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 28 കാരന്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി അന്‍സര്‍ (28)നെയാണ് പൊലീസ് പിടികൂടിയത്. ആനാട് സ്വദേശിയായ സഞ്ജയ് എന്ന 22കാനെയാണ് അന്‍സര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കോടാലിയില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശ്ശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തല്ലിക്കൊന്നു. അതേസമയം അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ട്യൂബുകള്‍ മാറ്റിയെന്നും ഡോക്ടര്‍ അറിയിച്ചു.

കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം വരുന്നു

പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കുട്ടികളുടെ പ്രായത്തിനനുസരിച്ച് സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്താനും സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്.

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടുത്തം

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടുത്തം. മൈലാടി വെള്ളൂര്‍ റോഡില്‍ പ്ലാസ്റ്റിക് കമ്പനിക്കാണ് തീപിടിച്ചത്. മാലിന്യ സംസ്‌കരണ യൂണിറ്റിലെ പുറത്ത് കൂട്ടിയിട്ട മാലിന്യത്തിലാണ് തീപിടിച്ചത്. ഇലക്ട്രിക് ലൈന്‍ ഷോട്ടായി തെങ്ങിന്റെ ഓല കത്തിയാണ് തീപിടുത്തം ഉണ്ടായത്.

പത്തനംതിട്ടയില്‍ അവധിക്കാല ക്ലാസുകള്‍ നിരോധിച്ചു

പത്തനംതിട്ടയില്‍ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ഉത്തരവ് ഇറങ്ങി. ജില്ലാ കളക്ടര്‍ ആണ് ഉത്തരവ് ഇറക്കിയത്. എല്ലാ സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററുകളിലെയും വേനല്‍ക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്.

ടോമിൻ തച്ചങ്കരിക്കെതിരെ വിമർശനം

വാഹനത്തില്‍ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ച് വിരമിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി. ഒരു കേസില്‍ കോടതി പരിസരത്ത് പോലീസുകാരുടെ സാനിധ്യത്തില്‍ മാധ്യമങ്ങള്‍ ഈ നിയമലംഘനം ചൂണ്ടിക്കാണിച്ചതോടെ ടോമിന്‍ തച്ചങ്കരി ധൃതിയില്‍ ബോര്‍ഡ് മാറ്റാന്‍ ശ്രമിച്ചു.

അച്ഛനും മകനും വാഹനാപകടത്തിൽ മരിച്ചു

വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാന്‍ വര്‍ഗീസ് (60), വാഹനം ഓടിച്ചിരുന്ന മകന്‍ റോബിന്‍ നൈനാന്‍ (33) എന്നിവരാണ് മരിച്ചത്.

കുംഭമേള താരത്തിനെതിരെ പോക്സോ കേസ്

കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹത്തില്‍ ഫര്‍മാനെതിരെ പോക്സോ പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പരാതിക്കാരന്‍ പ്രഥം ദുബൈ. മധ്യപ്രദേശ് പൊലീസിനാണ് നിര്‍ദേശം നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അച്ഛനായ പ്രഥം ദുബൈ പറഞ്ഞു. രേഖകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്ന് കേരള പൊലീസും നിലപാട് അറിയിച്ചെന്ന് പരാതിക്കാരന്‍.

ദേശീയം – അന്തർദ്ദേശീയം

മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു.

സൗജന്യ ട്രെയിന്‍ സൗകര്യം: ബിജെപിക്കെതിരെ പരാതി

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ബംഗാളിലേക്ക് വോട്ടര്‍മാരെ എത്തിക്കാന്‍ ബിജെപി സൗജന്യ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി.

മമത ബാനര്‍ജിക്കെതിരേ സുപ്രീം കോടതി

മുഖ്യമന്ത്രി അന്വേഷണത്തില്‍ കൈകടത്തി ജനാധിപത്യത്തെ അപകടത്തിലാക്കുന്നതു ശരിയല്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ സുപ്രീം കോടതി. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാകില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഇടപെട്ടതിനെചൊല്ലിയാണ് മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചത്.

ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ മകള്‍ കൊല്ലപ്പെട്ടു

സൗത്ത് ഡല്‍ഹിയിലെ അമര്‍ കോളനിയില്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ 22-കാരിയായ മകളെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു മാസം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട 19-കാരനായ മുന്‍ വീട്ടുജോലിക്കാരനാണ് പ്രധാന പ്രതിയെന്ന് സംശയിക്കുന്നു. ദില്ലി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഐടി ജീവനക്കാരന്‍ 27 ലക്ഷം രൂപ തട്ടിയെടുത്തു

ബെംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരന്‍ കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്തു. പണം തിരികെ ചോദിച്ചപ്പോള്‍, മാനേജര്‍ക്ക് അശ്ലീല സന്ദേശമയച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഇറാന്‍ – അമേരിക്ക സമാധാന ചര്‍ച്ച പ്രതിസന്ധിയിൽ

ഇറാന്റെ താത്പര്യങ്ങളും അവകാശങ്ങളും അംഗീകരിച്ചാല്‍ മാത്രമേ അമേരിക്കയുമായി സമാധാന ചര്‍ച്ചയ്ക്കുള്ളൂവെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാതെ ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വധശിക്ഷയില്‍ നിന്നും ഇറാന്‍ പിന്മാറിയെന്ന് ട്രംപ്

ഇറാനില്‍ ആഭ്യന്തര പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായ എട്ട് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും ഇറാന്‍ പിന്മാറിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എട്ട് സ്ത്രീകള്‍ക്ക് വധശിക്ഷ വിധിച്ചുവെന്ന വാര്‍ത്തകള്‍ ഇറേനിയന്‍ ജുഡീഷ്യറി തള്ളി.

മൊസാദ് ചാരനെ ഇറാന്‍ വധിച്ചു

ഇസ്രായേലിന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന് അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയയാളെ ഇറാന്‍ വധിച്ചു. സിവില്‍ ഡിഫന്‍സ് യൂണിറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന ‘മെഹ്ദി ഫരീദ്’ എന്നയാളെയാണ് വധിച്ചത്.

ട്രംപിനെ സഹായിച്ചതില്‍ വേദനയുണ്ടെന്ന് ടക്കര്‍ കാള്‍സണ്‍

വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താന്‍ ഡൊണള്‍ഡ് ട്രംപിനെ സഹായിച്ചതില്‍ വേദനയുണ്ടെന്ന് യുഎസ് ഇന്‍ഫളുവന്‍സറും ട്രംപിന്റെ അടുത്ത അനുയായിയുമായ ടക്കര്‍ കാള്‍സണ്‍. ജനങ്ങളോടു ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊറിയയില്‍ യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

ആകാശത്തുവെച്ച് കൂട്ടിയിടിച്ച സംഭവത്തില്‍ ദക്ഷിണ കൊറിയയ്ക്ക് നഷ്ടമായത് കോടികള്‍ വില വരുന്ന യുദ്ധ വിമാനങ്ങള്‍. യൂണിറ്റിലെ അവസാന നിരീക്ഷണ പറക്കല്‍ മൊബൈലില്‍ പകര്‍ത്താനുള്ള ശ്രമത്തിനിടയില്‍ രണ്ട് യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. പൈലറ്റുമാര്‍ വിമാനത്തിലിരുന്ന് ഫോട്ടോകളും വീഡിയോകളും എടുത്തതാണ് കാരണമെന്ന് അധികൃതര്‍.

റോമിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ തര്‍ക്കം

റോമിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ തര്‍ക്കം. കാലാവസ്ഥാ ബോധവല്‍ക്കരണത്തിനായി മാള്‍ട്ടയില്‍ നിന്ന് ഇന്ത്യയിലേക്ക് കാല്‍നടയാത്ര നടത്തുന്ന ജയ്ദീപ് ലഖാങ്കിയ എന്ന ഇന്ത്യന്‍ പൗരനും ഉദ്യോഗസ്ഥരും തമ്മിലാണ് തര്‍ക്കം. ഉദ്യോഗസ്ഥര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

കായികം – ബിസിനസ് – വിനോദം

റോളര്‍ സ്‌കേറ്റിങ്ങില്‍ കേരള സഹോദരിമാര്‍ക്കു സര്‍ണ്ണ മെഡല്‍

തായ്‌വാനില്‍ നടന്ന രാജ്യാന്തര ഓപ്പണ്‍ റോളര്‍ സ്‌കേറ്റിങ്ങില്‍ കേരളത്തില്‍നിന്നുള്ള സഹോദരിമാര്‍ക്കു സര്‍ണ്ണ മെഡല്‍. പത്തനംതിട്ട കുഴിക്കാല കല്ലട ഭവനില്‍ തോമസ് പോളിന്റെയും എലിസബത്തിന്റെയും മക്കളായ ജുവിന ലിസ് തോമസും സഹോദരി ജുലൈന ലിസ് തോമസുമാണ് സ്വര്‍ണമെഡല്‍ നേടിയത്.

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനു വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് തുടര്‍ തോല്‍വികള്‍ക്കു ശേഷം രാജസ്ഥാന്‍ റോയല്‍സിനു വിജയം. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 40 റണ്‍സ് ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഏകനാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ 160 റണ്‍സ് ലക്ഷ്യം വെച്ചു. ലക്‌നൗ 119ന് പുറത്തായി.

ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്

2025-26 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്. 2.1 ശതമാനം വളര്‍ച്ചയോടെ 3.16 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഈ മേഖല നേടിത്തന്നത്. ഡൊണള്‍ഡ് ട്രംപിന്റെ ഇരട്ട തീരുവയിലും ഡിമാന്‍ഡ് കുറഞ്ഞില്ല.

ഓപ്പണ്‍എഐ കോഡെക്സ് എഐ ടൂള്‍ വിപുലീകരിക്കുന്നു

കോഡെക്സ് എഐ ടൂളിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ സാം ഓള്‍ട്ട്മാന്റെ ഓപ്പണ്‍എഐ ഐടി കമ്പനികളുമായി പങ്കാളിത്തം വിപുലീകരിക്കുന്നു. അക്‌സഞ്ചര്‍, കോഗ്‌നിസന്റ്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയവരുമായി കമ്പനി ബന്ധപ്പെടുന്നുണ്ട്.

ബൂം ബാങ് ചിത്രീകരണം തുടങ്ങി

സിജു വിത്സണ്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അരുണ്‍ കുര്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബൂം ബാങിന്റെ ചിത്രീകരണം തുടങ്ങി. ദേവിക സതീഷ് ആണ് നായിക. ജുനൈദ് മുഹമ്മദ് ആണ് സംവിധാനം.

ആട് 3 ഒടിടി റിലീസിന്

മലയാള സിനിമയിലെ ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3’ മേയ് ഒന്നിന് മലയാളം സീ5-ല്‍ പ്രീമിയര്‍ ചെയ്യുന്നു. മിഥുന്‍ മാനുവല്‍ തോമസ് ആണ് സംവിധാനം. ജയസൂര്യക്കൊപ്പം വലിയ താരനിര തന്നെയുണ്ട്.

ടെസ്ല മോഡല്‍ വൈ ഇന്ത്യയില്‍

61.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് പുതിയ ലോങ് വീല്‍ബേസ് വേരിയന്റ് അവതരിപ്പിച്ച് ടെസ്ല. 681 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ആറ് സീറ്റര്‍ മോഡലാണിത്.

നരമുണ്ടോ ഖേല – പുതിയ പുസ്തകം

പാന്‍ ഇന്ത്യന്‍ (അന്ധ)വിശ്വാസ യാത്ര വിവരിക്കുന്ന നിസാര്‍ ഇല്‍ത്തുമിഷിന്റെ ‘നരമുണ്ടോ ഖേല’. ഡിസി ബുക്സ് പുറത്തിറക്കി. വില 153 രൂപ.

വേനല്‍ക്കാലത്തെ ചൂടുകുരു: ശ്രദ്ധിക്കേണ്ടവ

വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ചൂടുകുരു നിയന്ത്രിക്കാന്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതാണ്. കലാമൈൻ ലോഷന്‍ ഉപയോഗിക്കാം. ചൊറിഞ്ഞു പൊട്ടിക്കുന്നത് ഒഴിവാക്കണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here