Home Blog Page 551

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

നമ്മുടെ സൗന്ദര്യ സംരക്ഷണത്തിൽ പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഒന്നാണ് ചുണ്ടുകൾ. മുഖത്തിന് നൽകുന്ന അത്രയും പ്രാധാന്യം ചുണ്ടുകൾക്കും നൽകിയാൽ മാത്രമേ മൃദുവായ ചുണ്ടുകൾ സ്വന്തമാക്കാൻ കഴിയൂ.

മുഖം എത്രയൊക്കെ തിളങ്ങിയാലും ചുണ്ടുകൾ കരുവാളിച്ചതും വരണ്ടതുമാണെങ്കിൽ അത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. അമിതമായ വെയിൽ, ലിപ്സ്റ്റിക്കുകളുടെ ഉപയോഗം, വെള്ളം കുടിക്കുന്നത് കുറയുന്നത് എന്നിവയെല്ലാം ചുണ്ടുകളുടെ നിറം മാറാൻ കാരണമാകും. വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ചില കാര്യങ്ങളിലുടെ എങ്ങനെ നിങ്ങളുടെ ചുണ്ടുകളെ സംരക്ഷിക്കാം;

  1. എക്സ്ഫോളിയേഷൻ

ചർമ്മത്തിലെ പോലെ തന്നെ ചുണ്ടുകളിലും മൃതകോശങ്ങൾ ഉണ്ടാകാറുണ്ട്. ഇത് നീക്കം ചെയ്താൽ മാത്രമേ ചുണ്ടുകൾക്ക് മൃദുത്വം ലഭിക്കൂ. അല്പം പഞ്ചസാരയും തേനും കലർത്തി ചുണ്ടുകളിൽ 2 മിനിറ്റ് മൃദുവായി തടവുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യുന്നത് ചുണ്ടുകളിലെ കറുപ്പ് നിറം മാറാൻ സഹായിക്കും.

  1. ഈർപ്പം നിലനിർത്തുക
    ചുണ്ടുകളിൽ എണ്ണഗ്രന്ഥികൾ ഇല്ലാത്തതിനാൽ അവ പെട്ടെന്ന് വരണ്ടുപോകാൻ സാധ്യതയുണ്ട്. അതിനാൽ എപ്പോഴും ഒരു ഗുണനിലവാരമുള്ള ലിപ് ബാം ഉപയോഗിക്കുക. വീട്ടിലാണെങ്കിൽ അല്പം നെയ്യോ വെളിച്ചെണ്ണയോ പുരട്ടുന്നത് ചുണ്ടുകൾക്ക് മികച്ച ഈർപ്പം നൽകും.
  2. വെയിലിൽ നിന്നും സംരക്ഷിക്കുക

നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളെ പോലെ തന്നെ ചുണ്ടുകൾക്കും വെയിൽ ഏൽക്കുമ്പോൾ കരുവാളിപ്പ് ഉണ്ടാകും. പുറത്തിറങ്ങുമ്പോൾ കുറഞ്ഞത് SPF 15 എങ്കിലും ഉള്ള ലിപ് ബാം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

  1. ലിപ്സ്റ്റിക് നീക്കം ചെയ്യുക

രാത്രി ഉറങ്ങുന്നതിന് മുൻപ് ചുണ്ടിലെ ലിപ്സ്റ്റിക് പൂർണ്ണമായും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. കെമിക്കലുകൾ ചുണ്ടിൽ ഇരിക്കുന്നത് ചർമ്മം ഇരുണ്ടതാക്കാൻ കാരണമാകും. ക്ലെൻസിംഗ് ഓയിലോ ബദാം ഓയിലോ ഉപയോഗിച്ച് ചുണ്ടുകൾ വൃത്തിയാക്കാം.

  1. ധാരാളം വെള്ളം കുടിക്കുക

പുറമെ ചെയ്യുന്ന കാര്യങ്ങൾ പോലെ തന്നെ പ്രധാനമാണ് ഉള്ളിൽ നിന്നുള്ള സംരക്ഷണം. ശരീരം ഹൈഡ്രേറ്റഡ് ആയിരുന്നാൽ മാത്രമേ ചുണ്ടുകൾ വിണ്ടുകീറാതെ ഇരിക്കൂ. ദിവസവും ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.

ചില ടിപ്പ്സുകൾ:

ബീറ്റ്റൂട്ട് നീര്: രാത്രി ഉറങ്ങുന്നതിന് മുൻപ് അല്പം ബീറ്റ്റൂട്ട് നീര് പുരട്ടുന്നത് ചുണ്ടുകൾക്ക് സ്വാഭാവികമായ പിങ്ക് നിറം നൽകും.
കറ്റാർവാഴ: ചുണ്ടിലെ നീറ്റലും വിള്ളലും മാറാൻ കറ്റാർവാഴ ജെൽ പുരട്ടുന്നത് നല്ലതാണ്.
പുകവലിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ചുണ്ടുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ചുണ്ടുകൾ നാവുകൊണ്ട് നനയ്ക്കുന്ന ശീലവും വായുസമ്പർക്കം മൂലം ചുണ്ടുകൾ കൂടുതൽ ഉണങ്ങാൻ കാരണമാകും. ഈ ലളിതമായ രീതികൾ പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യമുള്ള മനോഹരമായ ചുണ്ടുകൾ സ്വന്തമാക്കാം.

കേന്ദ്ര ധനമന്ത്രാലയത്തിൽ നിയമനം: പ്രതിമാസം 1.5 ലക്ഷം രൂപ വരെ പ്രതിഫലം

കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (DEA), ചെറുപ്പക്കാരായ പ്രൊഫഷണലുകളെയും കൺസൾട്ടന്റുമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇൻഫ്രാസ്ട്രക്ചർ, ഫിനാൻഷ്യൽ മാർക്കറ്റ്, ബജറ്റ്, ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 57 ഒഴിവുകളാണുള്ളത്.

തസ്തികകളും യോഗ്യതകളും

യങ് പ്രൊഫഷണലുകൾ: 30 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഇക്കണോമിക്സ്, ഫിനാൻസ്, ഐടി എന്നിവയിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ എംബിഎ (ഫിനാൻസ്)/എൽഎൽഎം എന്നിവയോ ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 70,000 രൂപ.

കൺസൾട്ടന്റുമാർ: 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ ശമ്പളം 1,00,000 രൂപ.

സീനിയർ കൺസൾട്ടന്റുമാർ: അഞ്ച് മുതൽ ഒമ്പത് വർഷം വരെ പരിചയസമ്പന്നർക്ക് അപേക്ഷിക്കാം. പ്രതിഫലം 1,20,000 രൂപ. ഇന്ത്യയുടെ ബ്രിക്സ് (BRICS) അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ആറ് സീനിയർ കൺസൾട്ടന്റുമാരെ പ്രത്യേകം നിയമിക്കുന്നുണ്ട്.

സ്പെഷ്യൽ അസൈൻമെന്റ് കൺസൾട്ടന്റുമാർ: പ്രത്യേക പ്രോജക്റ്റുകൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന ഇവർക്ക് 1,50,000 രൂപ പ്രതിഫലം ലഭിക്കും.

നിബന്ധനകൾ

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. പരമാവധി മൂന്ന് വർഷം വരെയും ഡിപ്പാർട്ട്‌മെന്റിലെ ആകെ സേവനം അഞ്ച് വർഷം വരെയും നീട്ടാവുന്നതാണ്. മുഴുസമയ സമയ ജോലിയായതിനാൽ, ഈ കാലയളവിൽ മറ്റ് ജോലികൾ ഏറ്റെടുക്കാൻ പാടില്ല. വർഷത്തിൽ എട്ട് ദിവസത്തെ അവധി പ്രോ-റേറ്റ അടിസ്ഥാനത്തിൽ ലഭിക്കും. താമസ സൗകര്യമോ മെഡിക്കൽ റീഇംബേഴ്സ്‌മെന്റോ അനുവദിക്കില്ല. എന്നാൽ ഔദ്യോഗിക യാത്രകൾക്ക് ടിഎ/ഡിഎ (TA/DA) അനുവദനീയമാണ്.

അപേക്ഷിക്കേണ്ട വിധം:

താൽപ്പര്യമുള്ളവർ mofapp.nic.in/cadre/ എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഡിസംബർ 27 വൈകുന്നേരം അഞ്ച് മണിയാണ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ വ്യക്തിഗത അഭിമുഖത്തിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് dea.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്… വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ

തിരുവനന്തപുരം : ജനപ്രിയ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നായനാർ പാർക്കില്‍ മന്ത്രി ജി.ആർ.അനില്‍ നിർവ്വഹിച്ചു. ഡിസംബർ 22 മുതല്‍ ജനുവരി 1 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകളൾ നടക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. സപ്ലൈകോ വിൽപ്പനശാലകളിൽ വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. നിലവിൽ ലിറ്ററിന് 319 രൂപ സബ്സിഡി നിരക്കിൽ നൽകുന്ന ശബരി വെളിച്ചെണ്ണ 309 രൂപയ്ക്ക് നൽകുകയാണ്. നിലവിൽ കാർഡൊന്നിന് ഒരു ലിറ്റർ ലഭിക്കുന്ന സ്ഥാനത്ത് ഡിസംബർ, ജനുവരി മാസങ്ങളിൽ രണ്ട് ലിറ്റർ വീതം ലഭ്യമാക്കും. ഇതിനു പുറമെ സബ്സിഡി ഇതര നിരക്കിൽ 329 രൂപയ്ക്കും വെളിച്ചെണ്ണ ലഭിക്കുന്നതാണ്. ജനുവരി മാസത്തിലും 2 ലിറ്റർ വെളിച്ചെണ്ണ ഈ വിലയ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ്. ഇതോടൊപ്പം സബ്ലിഡി ഉൽപ്പന്നങ്ങളുടെ വിലയും ക്രിസ്മസ് ഫെയറിനോട് അനുബന്ധിച്ച് പരിഷ്കരിക്കുന്നുണ്ട്. ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ് എന്നീ ഇനങ്ങളുടെ വിലകൾ കുറച്ചു.

ജനുവരി മാസത്തെ സബ്സിഡി സാധനങ്ങൾ എല്ലാ കാർഡുടമകൾക്കും സപ്ലൈകോ വിൽപ്പനശാലകളിൽ നിന്നും മുൻകൂറായി വാങ്ങാവുന്നതാണ്. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5മുതൽ 50% വരെ വിലക്കുറവില്‍ ലഭിക്കുന്നു. സപ്ലൈകോ നിലവിൽ നല്‍കിവരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 

500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.  ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽകേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് ലഭിക്കുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന, ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആയിരം രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന, മറ്റു വാഹനങ്ങൾക്കും ഈ കൂപ്പണുകൾ നൽകും. ആയിരം രൂപയ്ക്ക് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഈ പ്രത്യേക കൂപ്പൺ ഉപയോഗിച്ചാൽ 50 രൂപ ഡിസ്കൗണ്ട് ലഭിക്കും.

പത്മകുമാറിനെതിരെ നടപടി വൈകാൻ കാരണം വ്യക്തമായി ഗോവിന്ദൻ

തിരുവനന്തപുരം. നടപടി വൈകുന്നതിനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ

ശബരിമല കേസിൽ അറസ്റ്റിലായ എ പത്മകുമാർ എതിരെ നടപടി വൈകുന്നതിനെ ന്യായീകരിച്ച് എം.വി ഗോവിന്ദൻ.

“പത്മകുമാർ നെതിരെ നടപടി എടുക്കാത്തത് കുറ്റത്തിൽ വ്യക്തത വരാത്തതുകൊണ്ട് “

“കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടോ, സാങ്കേതിക പിഴവാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല”


“എന്ത് തരം വീഴ്ചയാണ് പത്മകുമാറിന് ഉണ്ടായതെന്ന് വ്യക്തമാക്കുന്ന എഫ്ഐആറും മുന്നിലില്ല “

കേസിൽ വ്യക്തത വന്നാൽ നടപടി എടുക്കുമെന്നും എം വി ഗോവിന്ദൻ

എം വി ഗോവിന്ദന്റെ ന്യായീകരണം CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി

ആലപ്പുഴ: മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

അതേസമയം, യുവതിയുടെ മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ബന്ധുക്കൾ ഒപ്പിട്ട് നൽകിയത് കീ ഹോൾ ശസ്ത്രക്രിയയ്ക്കാണ്. ശസ്ത്രക്രിയ തുടങ്ങിയപ്പോൾ രക്തക്കുഴലിൽ രക്ത സ്രാവം ഉണ്ടായി. ഇതോടെ ഓപ്പൺ സർജറിക്ക് വിധേയയാക്കി. ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചതെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു.

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ യു ഡി എഫ് തയ്യാറെടുക്കുകയാണ്. മിഷൻ 2026 ന് ജനുവരിയിൽ രൂപം നൽകും. ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് തീരുമാനം. ഫെബ്രുവരിയിൽ പ്രകടന പത്രിക പുറത്തിറക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം യു ഡി എഫ് വിശ്രമിക്കാൻ തയ്യാറല്ല. അതിവേഗം ഫൈനൽ ജയിക്കാനുള്ള തന്ത്രങ്ങളിലേക്ക് കടക്കുകയാണ്. എന്നും മുന്നണിയിലെ തലവേദന സീറ്റ് വിഭജനമാണ്. എന്നാൽ ജനുവരി 15നുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ധാരണ. ഓരോ കക്ഷികളുടെയും സീറ്റുകളിലെ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിക്കണമെന്നും നിർദേശമുണ്ട്.

അതായത് കോൺഗ്രസ് മിഷൻ 2026 ലേക്ക് നീങ്ങുകയാണ്. മുതിർന്ന നേതാക്കൾ ജില്ലകളിലേക്ക് ഇറങ്ങും. തദ്ദേശ ജയം വിലയിരുത്തും. തോൽവിയുണ്ടായ സ്ഥലങ്ങളിൽ അത് പരിശോധിക്കും. തുടർ നടപടി ചർച്ച ചെയ്യും. നേതാക്കൾ കൊടുക്കുന്ന റിപ്പോർട്ട് ജനുവരിയിൽ ബത്തേരിയിലെ ക്യാമ്പ് ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

പ്രശ്നങ്ങളുണ്ടെങ്കിൽ അതിവേഗം തീർത്ത് ഒറ്റക്കെട്ടായി പോകാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം കോൺഗ്രസിൽ ആരാണ് പ്രധാന നായകൻ എന്നതിൽ തർക്കമുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെയായിരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം


അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ വോട്ട് വിഹിതം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. കോൺഗ്രസ് 29.17%, സിപിഎം 27.16%, ബിജെപി 14.76%, മുസ്ലിം ലീഗ് 9.77%, സിപിഐ 5.58%. ബിജെപിക്ക് 20 ശതമാനത്തിന് മുകളിൽ വോട്ട് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ്. സിപിഎമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ട് കിട്ടിയ് രണ്ട് ജില്ലകളിൽ മാത്രം- കണ്ണൂർ,പാലക്കാട്. കോൺഗ്രസിന് 30 ശതമാനത്തിന് മുകളിൽ വോട്ട് എട്ട് ജില്ലകളിൽ ലഭിച്ചു. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് 30 ശതമാനത്തിന് മുകളിൽ വോട്ട് കിട്ടിയത്.

കൊച്ചി മേയറെ തീരുമാനിക്കാൻ യോഗം


കൊച്ചി മേയറെ തീരുമാനിക്കുന്നതിന് മുന്നോടിയായി എറണാകുളത്ത്‌ കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി യോഗം.കോർപറേഷനിൽ ജയിച്ച കോൺഗ്രസ്‌ കൗൺസിലർമാരിൽ നിന്ന് ആരാവണം മേയർ എന്നതിൽ അഭിപ്രായം തേടും. ദീപ്തി മേരി വർഗീസിനാണ് സാധ്യത കൂടുതൽ. രണ്ടര വർഷത്തെ ടെം വ്യസ്ഥയിൽ മിനിമോൾക്കും ഷൈനി മാത്യുവിനുമായി നൽകണോ എന്നുമുള്ള ആലോചനയും നടക്കുന്നുണ്ട്.

അറബിക് ടൈപ്പിംഗ് – സീറ്റൊഴിവ്

തിരുവനന്തപുരം:കേരള സർവകലാശാല അറബി വിഭാഗം നടത്തി വരുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എൽ.സി./ തത്തുല്യം. പ്രായ പരിധിയില്ല. ഫീസ്: ₹ 3000/-. കാലാവധി: 3 മാസം. അപേക്ഷ ഫോം www.arabicku.in – ലും, പഠനവകുപ്പ് ഓഫീസിലും ലഭ്യമാണ്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2025 ഡിസംബർ 26 നു മുൻപായി കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിൽ എത്തിച്ചേരുക. വിശദവിവരങ്ങൾക്ക്: 9633812633 / 04712308846 (ഓഫീസ്).

എപ്പിസ്കോപ്പൽ ഐക്യ ക്രിസ്മസ് കൂട്ടായ്മ നടത്തി

തിരുവനന്തപുരം:ഭയം മാറി സകല മനുഷ്യർക്കും സന്തോഷവും സമാധാനവും തരുന്നതാണ് ക്രിസ്മസ് എന്ന് കടകംപള്ളി സുരേന്ദ്രൻ എം ൽ എ. പറഞ്ഞു. സോൾ വിന്നിങ് ചർച്ച് ഓഫ് ഇന്ത്യ നടത്തിയ എപ്പിസ്കോപ്പൽ ക്രിസ്മസ് കൂട്ടായ്മയും ഐക്യവിരുന്നും തിരുവനന്തപുരം നാലാഞ്ചിറ ബിഷപ്പ് ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ഡോ . ഓസ്റ്റിൻ എം എ പോൾ അധ്യക്ഷതവഹിച്ചു.
സി എസ് ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് ജോസ് ജോർജ്ജ് ക്രിസ്മസ് സന്ദേശം നൽകി. ബിഷപ്പ് ഡോ. ജോർജ്ജ് ഈപ്പൻ , ബിഷപ്പ് സുന്ദർസിംഗ് ,ബിഷപ്പ് സെൽവദാസ് പ്രമോദ് ,റവ.എ ആർ നോബിൾ, റവ.ഡോ .ജോസ് സാമുവേൽ കോർ എപ്പിസ്കോപ്പ ,ഡോ. കോശി എം ജോർജ്ജ്, ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു .

വികാസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ചവറ .വികാസ് കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ചവറ ഗ്രാമപഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് അനുമോദനവും സ്വീകരണവും നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഗ്രാമപഞ്ചായത്തിൽ നിയമപരമായി ഭരണ ഭൂരിപക്ഷമില്ലാത്തതിനാൽ ജനപ്രതിനിധികൾ കൂട്ടായി വികസന പദ്ധതികൾ തയ്യാറാക്കണമെന്ന്  യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
എല്ലാ ജനപ്രതിനിധികളും ഫോൺ എടുക്കാതിരിക്കരുതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. സുജിത് വിജയൻപിള്ള പിള്ള എം.എൽ.എ പറഞ്ഞു.
ചവറ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ചവറ തേവലക്കര ഡിവിഷനുകളിൽ നിന്ന് വിജയിച്ച ഐ. ജയലക്ഷ്മി, അരുൺ രാജ്, 5 ബ്ലോക്ക് ഡിവിഷൻ അംഗങ്ങൾ, 24 ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
വികാസ് പ്രസിഡന്റ് സി.സുധീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്വിൻ ബാബു സ്വാഗതവും ലൈബ്രറി സെക്രട്ടറി വിസെക്രട്ടറി അശ്വിൻ ബാബു സ്വാഗതവും ലൈബ്രറി സെക്രട്ടറി വി. ബാബുരാജേന്ദ്രൻ പിള്ള വികസന സൂചികയും അവതരിപ്പിച്ചു. ശ്രീജേഷ് നന്ദി പറഞ്ഞു

ചവറയില്‍ കടലില്‍ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചവറ: കടലില്‍ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചവറ പുത്തന്‍തുറയിലാണ് കടലില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. പുത്തന്‍തുറ സ്വദേശികളായ രാംജിത്ത്-പ്രിയങ്ക ദമ്പതികളുടെ മകന്‍ അമല്‍ജിത്ത് ആണ് കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെട്ടത്. കൂടെ ഉണ്ടായിരുന്ന സഹോദരനെ നാട്ടുകാര്‍ രക്ഷിച്ചു. നീണ്ടകര കോസ്റ്റല്‍ പോലീസിന്റെയും ചവറ പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ അമലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് നടപടികള്‍ക്ക് ശേഷം അമലിന്റെ മൃതശരീരം പുത്തന്‍ തുറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സഹപാഠികളുടേയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മത്സ്യത്തൊഴിലാളിയായ രജിത്തിന്റെയും പ്രിയങ്കയുടെയും രണ്ട് മക്കളില്‍ മൂത്തയാളായ അമല്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു.